മഞ്ചേരി മെഡിക്കല്‍ കോളജില്‍ നവീകരിച്ച മോര്‍ച്ചറി കോംപ്ലക്സ് തുറന്നു
1572747
Friday, July 4, 2025 5:32 AM IST
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ നവീകരിച്ച മോര്‍ച്ചറി കോംപ്ലക്സ് പ്രവര്‍ത്തന സജ്ജമായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
രാത്രികാല പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള വെളിച്ച സംവിധാനത്തോടെയാണ് മോര്‍ച്ചറി നവീകരിച്ചിട്ടുള്ളത്. നിലവിലെ രണ്ട് ടേബിളുകള്‍ക്ക് പുറമേ പുതുതായി രണ്ട് ടേബിളുകളും കൂടി ഒരുക്കിയിട്ടുണ്ട്. പുതിയ കോംപ്ലക്സില്‍ ശീതീകരണി സ്ഥാപിക്കും. ഫൊറന്‍സിക് വിഭാഗത്തില്‍ കൂടുതല്‍ തസ്തിക സൃഷ്ടിച്ചാല്‍ രാത്രിയും പോസ്റ്റ്മോര്‍ട്ടം ചെയ്യാനാകും.
നിലവില്‍ രാത്രി എട്ട് വരെ പോസ്റ്റ്മോര്‍ട്ടം നടക്കാറുണ്ട്. പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, മൂന്ന് അസി. പ്രഫസര്‍മാര്‍, ഒരു റസിഡന്റ് ഡോക്ടര്‍ എന്നിങ്ങനെയാണ് വിഭാഗത്തിലുള്ളത്. അഡ്വ. യു.എ. ലത്തീഫ് എം എല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്പേഴ്സന് വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. അനില്‍രാജ് ആമുഖപ്രസംഗം നടത്തി. ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്മാന് വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിഖ് മേച്ചേരി, എന്‍.കെ. ഖൈറുന്നീസ, സി. സക്കീന,
കൗണ്‍സിലര്‍മാരായ ഷറീന ജവഹര്‍, അഡ്വ. പ്രേമാ രാജീവ്, ആശുപത്രി സൂപ്രണ്ട് ഡോ. ആര്. പ്രഭുദാസ്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മുഹമ്മദ് ഇസ്മായില്‍, കൊടവണ്ടി ഹമീദ്, ആശുപത്രി വികസന സമിതി അംഗങ്ങളായ അബ്ദുൾ മജീദ് വല്ലാഞ്ചിറ, യാസര്‍ പട്ടര്‍കുളം തുടങ്ങിയവര്‍ പങ്കെടുത്തു.