മലയോര ഹൈവേ നിർമാണം തുടങ്ങും മുന്പേ ദിശാബോർഡ് സ്ഥാപിച്ചു : വട്ടം കറങ്ങി യാത്രക്കാർ
1573130
Saturday, July 5, 2025 5:32 AM IST
നിലന്പൂർ: നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേ നിർമാണം തുടങ്ങും മുന്പേ ദിശാ ബോർഡ് സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ്. വട്ടം കറങ്ങി യാത്രക്കാർ. നിലന്പൂർ വെളിയംതോട് ജംഗഷനിൽ നിന്ന് നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേയുടെ ഭാഗത്താണ് പൊതുമരാമത്ത് വകുപ്പ് കൂറ്റൻ ബോർഡ് തിരക്കിട്ട് സ്ഥാപിച്ചത്. നിലന്പൂരിൽ നിന്ന് കോഴിക്കോട്, അരീക്കോട് ഭാഗങ്ങളിലേക്കുള്ള ദൂരം ഉൾപ്പെടെ രേഖപ്പെടുത്തിയാണ് ബോർഡ്. ഈ ബോർഡ് കണ്ട് ഇതിലൂടെ യാത്ര ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
വർഷങ്ങളായി അറ്റകുറ്റപണി നടത്താത്ത ഈ റോഡിന്റെ പല ഭാഗങ്ങളും വലുതും ചെറുതുമായ ഗർത്തങ്ങൾ നിറഞ്ഞ് അപകടാവസ്ഥയിലാണ്. മലയോര ഹൈവേയുടെ പേരു പറഞ്ഞ് യഥാസമയം റോഡിലെ വലിയ ഗർത്തങ്ങൾ ഉൾപ്പെടെ അറ്റകുറ്റപണി നടത്താതെ അപകടാവസ്ഥയിൽ കിടക്കുന്പോഴാണ് പൊതുമരാമത്ത് ബോർഡ് സ്ഥാപിച്ചത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന യാത്രക്കാരാണ് ബോർഡ് കണ്ട് ഈ റൂട്ടിലൂടെ വാഹനങ്ങളുമായി കടന്നുപോകുന്നത്.
ബോർഡിൽ അരീക്കോട്, കോഴിക്കോട്, കക്കാടംപൊയിൽ ഭാഗങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെളിയംതോട് നിന്ന് 26 കിലോമീറ്റർ മതി അരീക്കോട്ടേക്ക് എത്താൻ. എന്നാൽ ഈ ബോർഡ് നോക്കി അരിക്കോട്ടേക്ക് പോകുന്നവർ 43 കിലോമീറ്റർ യാത്ര ചെയ്തു വേണം അരിക്കോട് എത്താൻ. ഈ ബോർഡ് വിശ്വസിച്ച് ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ ഇതിലൂടെ പോയാൽ പകുതിവഴിയിൽ തിരിച്ച് മടങ്ങേണ്ടിവരും.
നിലന്പൂരിൽ നിന്ന് കക്കാടംപൊയിൽ, തിരുവന്പാടി, കോഴിക്കോട് ഭാഗത്തേക്കുള്ള ദൂരം കാണിച്ച് വേണം ബോർഡ് വയ്ക്കാൻ. അതും മലയോര ഹൈവേയുടെ നിർമാണം പൂർത്തീകരിച്ച ശേഷവും. നിലവിൽ ബോർഡ് സ്ഥാപിച്ച പൊതുമരാമത്ത് വകുപ്പ് റോഡിലെ കുഴികളെങ്കിലും അടിയന്തരമായി അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണം.
മലപ്പുറം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിൽ - വാളംതോട് ഭാഗങ്ങളിലേക്ക് ദിവസേന നൂറുക്കണക്കിന് വിനോദ സഞ്ചാരികൾ ഇരുചക്ര വാഹനങ്ങളിലുൾപ്പെടെ കടന്നുപോകുന്ന റോഡ് കൂടിയാണിത്. ബോർഡിൽ നിന്ന് അരീക്കോട് ഒഴിവാക്കി പകരം തിരുവന്പാടി എഴുതി ചേർത്ത് യാത്രക്കാരെ വട്ടം കറക്കുന്ന നടപടിയിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് പിൻമാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം.