നിപ: ജില്ലയിൽ പ്രതിരോധം ഊർജിതമാക്കി : ‘സന്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ ക്വാറന്റൈൻ പാലിക്കണം’
1573137
Saturday, July 5, 2025 5:32 AM IST
മലപ്പുറം: ജില്ലയിൽ മക്കരപ്പറന്പ് ചെട്ടിയാരങ്ങാടിയിൽ നിപ ബാധിച്ച് 18 വയസുകാരി മരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഡിഎംഒയുടെ അധ്യക്ഷതയിൽ ജില്ലാ പ്രോഗ്രാം ഓഫീസർമാരുടെയും എപിഡമോളജിസ്റ്റുകൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു.
കേസ് റിപ്പോർട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സർവയലൻസ് ഓഫീസർ ഡോ.സി. ഷുബിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം സർവയലൻസ് നടത്തി. സന്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ നിർദേശിക്കുന്ന ദിവസംവരെ ക്വാറന്റെൻ പാലിക്കേണ്ടതും കുടുംബാംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുമായി ഇടപഴകുന്നത് ഒഴിവാക്കേണ്ടതുമാണ്.
ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്ന സമയത്ത് ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. ജില്ലാമെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഫോണ്: 0483 2735010, 0483 2735020.