കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്
1573138
Saturday, July 5, 2025 5:32 AM IST
എടക്കര: കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. മരുത വേങ്ങപ്പാടം വലിയതൊടിക താഹിറിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ താഹിറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ മരുത -വഴിക്കടവ് റോഡിൽ ഇരൂൾകുന്നിൽ വച്ചാണ് അപകടമുണ്ടായത്.
പെട്രോൾ പന്പിലെ ജീവനക്കാരനായ താഹിർ ജോലിക്ക് പോകുന്പോഴായിരുന്നു ബൈക്കിൽ കാട്ടുപന്നിയിടിച്ചത്. ഉടൻ ഇയാളെ പാലാട് സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചത്ത കാട്ടുപന്നിയെ വനം ജീവനക്കാരെത്തി സംസ്കരിച്ചു.
അതേസമയം നിലന്പൂർ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. എരഞ്ഞിമങ്ങാട്-വേട്ടേക്കോട് റോഡിൽ കഴിഞ്ഞദിവസം രാത്രി ഒന്പത് മണിയോടെ കാട്ടുപന്നികൾ റോഡ് മുറിച്ചുകടന്നു. മൈലാടി മുതൽ അകന്പാടം കാഞ്ഞിരപ്പടി വരെയുള്ള ഭാഗത്ത് കാട്ടുപന്നികളുടെ വിളയാട്ടമാണ്.
കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ അനുമതിയുണ്ടെങ്കിലും ചാലിയാർ ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിൽ കടുത്ത അലംഭാവമാണ് കാണിക്കുന്നത്.