കടുവ ജനവാസ കേന്ദ്രത്തിൽ; വീണ്ടും കാൽപ്പാടുകൾ കാണപ്പെട്ടു
1573136
Saturday, July 5, 2025 5:32 AM IST
ദൗത്യസംഘത്തിന്റെ തെരച്ചിൽ ആരംഭിച്ചിട്ട് 52 ദിവസം
കരുവാരകുണ്ട്: കാളികാവ് അടക്കാക്കുണ്ടിൽ തൊഴിലാളിയായ യുവാവിനെ അക്രമിച്ചു കൊലപ്പെടുത്തിയ കടുവ വീണ്ടും ജനവാസ കേന്ദ്രത്തിൽ. കേരള എസ്റ്റേറ്റ് പാന്തറയിലെ പുറ്റള ആദിവാസി നഗറിനു സമീപമാണ് താമസക്കാർ കടുവയെ കണ്ടത്. അരമണിക്കൂറിലധികം സമയം കടുവ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.
കടുവ ക്ഷീണിതനാണെന്നും നടക്കാൻ പ്രയാസം അനുഭവപ്പെടുന്ന രീതിയിലാണെന്നും കടുവയെ കണ്ട ആദിവാസി നഗറിലെ നിവാസികൾ വെളിപ്പെടുത്തി. നാട്ടുകാരെത്തി വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടും വൈകിയാണ് അധികൃതർ സ്ഥലത്തെത്തിയതെന്നും ആരോപണമുണ്ട്. കടുവയുടെ കാൽപ്പാടുകളും പ്രദേശത്ത് പതിഞ്ഞിട്ടുണ്ട്.
അടക്കാക്കുണ്ടിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം കടുവ കരുവാരകുണ്ടിലെ ജനവാസ കേന്ദ്രങ്ങളിൽ കാണപ്പെട്ടിരുന്നു. കേരള എസ്റ്റേറ്റ്, കുണ്ടോട, കൽക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ പലതവണയായി തൊഴിലാളികളും നാട്ടുകാരും കടുവയെ കാണുകയും വനംവകുപ്പ് അധികൃതരെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കടുവയ്ക്കായി സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെടുകയുമുണ്ടായി. കടുവയുടെയും പുലിയുടെയും ആക്രമണം പ്രദേശത്ത് വർധിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം കേരള എസ്റ്റേറ്റ് പാന്തറയിലെ ഇല്ലംപള്ളി ആസാദ് ചെറിയാന്റെ കൃഷിയിടത്തിലെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന അബ്ദുൾ സലാമിന്റെ മൂരി കടുവയുടെ ആക്രമണത്തിൽ ചത്തിരുന്നു. വന്യമൃഗങ്ങളുടെ ശല്യം പ്രദേശത്ത് വർധിക്കുന്പോൾ അധികൃതർ ഉറക്കം നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
കടുവയെ പിടികൂടുന്നതിലും വന്യമൃഗശല്യം അമർച്ച ചെയ്യുന്നതിലും അധികൃതർ അലസത നടിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. കടുവയ്ക്ക് പുറമേ ഒന്നിലധികം പുലികൾ പ്രദേശത്തുണ്ടെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. അതേസമയം നരഭോജിക്കടുവയെ പിടികൂടുന്നതിന് ദൗത്യസംഘം പ്രദേശത്ത് തന്പടിച്ചിട്ട് 52 ദിവസമായി. ഇതുവരെയും കടുവയെ പിടികൂടാൻ സാധിച്ചിട്ടില്ല.