അങ്ങാടിപ്പുറം പഞ്ചായത്ത്: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് യുഡിഎഫ്
1573139
Saturday, July 5, 2025 5:32 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിൽ മുന്പെങ്ങുമില്ലാത്തവിധം വിപ്ലവകരമായ മാറ്റങ്ങൾ യുഡിഎഫ് ഭരണസമിതി നടപ്പാക്കിയപ്പോൾ ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത പോലും മുന്നിൽ കാണാത്ത സിപിഎം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് യുഡിഎഫ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വന്തം അണികളിൽ നിന്ന് രക്ഷപ്പെടാനും ജനങ്ങളെ തെറ്റിധരിപ്പിക്കുവാനും ശ്രമിക്കുകയാണ് അവർ. സംസ്ഥാന സർക്കാർ അങ്ങാടിപ്പുറം പഞ്ചായത്തിനെതിരേ നടത്തിയ ദ്രോഹനടപടികൾ ജനങ്ങൾ തിരിച്ചറിയുകയും അത് ജനങ്ങളുടെ ഇടയിൽ ചർച്ചയാവുകയും ചെയ്തിരിക്കുന്നു. ഓരോടംപാലം - മാനത്ത്മംഗലം ബൈപാസിനു വേണ്ടി ഒന്പത് വർഷമായി സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ല.
ഈ തിരിച്ചറിവ് ജനങ്ങൾ അറിയുകയും അതിലുള്ള അങ്കലാപ്പ് മറച്ചുപിടിക്കാനാണ് പഞ്ചായത്തിലെ പ്രതിപക്ഷവും സംസ്ഥാന ഭരണകക്ഷിയുമായ സിപിഎമ്മും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
യുഡിഎഫ് അങ്ങാടിപ്പുറം റെയിൽവേ ഗേറ്റിൽ മേൽപ്പാലവും ഓരോടംപാലത്ത് നിന്ന് മാനത്ത്മംഗലത്തേക്ക് ബൈപാസിനും വേണ്ടി ശ്രമിച്ചപ്പോൾ എൽഡിഎഫ് മേൽപ്പാലം മുടക്കാനും അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയെയും നശിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. യുഡിഎഫ് ബൈപാസിനെതിരായ നിലപാട് സ്വീകരിച്ചിട്ടില്ല.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ബൈപാസിന് കണ്ടെത്തിയ സ്ഥലം സിപിഎം നേതാക്കളോടൊപ്പം സന്ദർശിച്ചിട്ടും നടപടിയില്ലാത്തത് എന്താണെന്ന് യുഡിഎഫ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഭാരവാഹികളായ ഉമ്മർ അറക്കൽ, അബു താഹിർ തങ്ങൾ, കളത്തിൽ ഹാരിസ്, ഷബീർ കറുമുക്കിൽ, സുനിൽ ബാബു വാക്കാട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.