എ.പി. അസ്ലം റീഹാബിലിറ്റേഷൻ സെന്റർ സജ്ജമായി
1573132
Saturday, July 5, 2025 5:32 AM IST
മലപ്പുറം: ജീവകാരുണ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കൽപകഞ്ചേരി ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ പുനരധിവാസ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.
കേരളത്തിലും ഗൾഫിലും കാരുണ്യപ്രവർത്തനങ്ങളാൽ നിരവധിയാളുകൾക്ക് സുപരിചിതനായിരുന്ന എ.പി. അസ്ലത്തിന്റെ പേരിൽ തുടങ്ങിയ റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
സെന്ററിലെ വെർച്വൽ റിയാലിറ്റി യൂണിറ്റിന്റെ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എംപിയും ഫിസിക്കൽ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയും നിർവഹിച്ചു.
2017ൽ ട്രസ്റ്റിന് കീഴിൽ സ്ഥാപിച്ച ഫിസിയോതെറാപ്പി സെന്റർ ആണ് കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ന്യൂറോ റീഹാബ് വിഭാഗത്തിൽ ഫിസിയോതെറാപ്പി, ഗെയ്റ്റ് തെറാപ്പി, റിബൗണ്ട് തെറാപ്പി, ഇലക്ട്രോ തെറാപ്പി, ഷോക്ക് വേവ് തെറാപ്പി, എക്സസൈസ് തെറാപ്പി തുടങ്ങിയ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ ലഭ്യമാകും.
നിർധനരായ രോഗികൾക്ക് ചികിത്സയും പരിചരണവും തീർത്തും സൗജന്യമായിരിക്കും. മേലങ്ങാടിയിലെ ക്രിസ്റ്റൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കളക്ടർ വി.ആർ. വിനോദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ എന്നിവർ വിവിധ വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു.
എ.പി. അസ്ലത്തിന്റെ മകനും ഗൾഫ് വ്യവസായിയുമായ റാഷിദ് അസ്ലം കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.പി. വഹീദ, "തണൽ വടകര’യുടെ ചെയർമാൻ ഡോ. ഇദ്രീസ്, ഡോ. പി.എ. കബീർ എന്നിവർ പ്രസംഗിച്ചു.