കെഎസ്എസ്പിയു ജിഎസ്ടി ഓഫീസ് മാർച്ച് നടത്തും
1573393
Sunday, July 6, 2025 5:48 AM IST
ഏലംകുളം: സർവീസ് പെൻഷൻ വ്യവസ്ഥ അട്ടിമറിക്കുന്നവിധം പാർലമെന്റ് പാസാക്കിയ ഫിനാൻസ് ഭേദഗതി ബിൽ റദ്ദാക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാന്പത്തിക പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) എട്ടിന് സംസ്ഥാന വ്യാപകമായി നടത്തുന്ന ജിഎസ്ടി ഓഫീസ് മാർച്ചും ധർണയും വിജയിപ്പിക്കാൻ ഏലംകുളത്ത് ചേർന്ന കണ്വൻഷൻ തീരുമാനിച്ചു.
കെഎസ്എസ്പിയു പെരിന്തൽമണ്ണ ബ്ലോക്ക് സെക്രട്ടറി കെ. രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എൻ. ശോഭന അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എസ്. പ്രസാദ് ലഹരിവിരുദ്ധ സെമിനാറിൽ വിഷയം അവതരിപ്പിച്ചു.
ഏലംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. സരോജിനി നവാഗതരെ സ്വീകരിച്ചു. ജില്ലാ കമ്മിറ്റിയംഗം എസ്. മധുസൂദനൻ, ഇസ്മായിൽ മാടാല, പി.വി. മുരളീധരൻ, കെ. വിജയലക്ഷ്മി, സെക്രട്ടറി കെ. മോഹൻദാസ്, പി. ഹസൻ എന്നിവർ പ്രസംഗിച്ചു.
പെൻഷൻകാരുടെ കലോത്സവത്തിൽ കലാതിലകം നേടിയ കെ.വി. പുഷ്പലതയുടെ ഗാനാലാപനവും ഉണ്ടായിരുന്നു. ഒന്പതിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ താഴെക്കോട് യൂണിറ്റ് കണ്വൻഷൻ തീരുമാനിച്ചു.