മലപ്പുറത്തിന് പഠനാവസരം നിഷേധിക്കുന്നത് നീതികേട്: ആര്യാടൻ ഷൗക്കത്ത്
1573395
Sunday, July 6, 2025 5:57 AM IST
നിലന്പൂർ: സംസ്ഥാനത്ത് ഏറ്റവും അധികം കുട്ടികൾ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടുന്ന മലപ്പുറം ജില്ലയിൽ കുട്ടികൾക്ക് പ്ലസ്ടു പഠനാവസരം നിഷേധിക്കുന്നത് നീതികേടാണെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. തെക്കൻ ജില്ലകളിൽ പ്ലസ്ടുവിന് സീറ്റൊഴിഞ്ഞു കിടക്കുന്പോൾ മലപ്പുറത്ത് സീറ്റില്ലാതെ കുട്ടികൾ നെട്ടോട്ടമോടുന്ന ദുരവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലന്പൂർ സഹകരണ അർബൻ ബാങ്ക് പരിധിയിലെ സ്കൂളുകളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡും മെമന്റോയും നൽകി അനുമോദിക്കുന്ന പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാങ്ക് ചെയർമാൻ കൂടിയായ ആര്യാടൻ ഷൗക്കത്ത്.
ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ 82,0000 കുട്ടികളാണ് പാസായത്. ഇവർക്ക് ഉപരിപഠനത്തിന് പ്ലസ്ടു വിന് 56,000ത്തോളം സീറ്റുകൾ മാത്രമാണുള്ളത്. വലിയ ഫീസുള്ള അണ് എയ്ഡഡ് സ്കൂളുകളടക്കം പരിഗണിച്ചാലും 15,000ത്തോളം കുട്ടികൾ പ്രൈവറ്റായി പ്ലസ്ടു പഠിക്കേണ്ട പ്രതിസന്ധിയാണ്.
ഉന്നത വിജയം നേടിയ കുട്ടികൾക്കും അവർക്ക് പ്രചോദനമായ രക്ഷിതാക്കൾക്കുമുള്ള അംഗീകാരം കൂടിയാണ് അനുമോദനമെന്നും എംഎൽഎ പറഞ്ഞു. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. വി.എ.കരീം, പാലോളി മെഹബൂബ്, അഡ്വ. ഷെറി ജോർജ്, എം.കെ. ബാലകൃഷ്ണൻ,
നഗരസഭ കൗണ്സിലർമാരായ ഡെയ്സി ചാക്കോ, സാലി ബിജു, എ.പി. റസിയ, ബാങ്ക് ഡയറക്ടർമാരായ കെ. സീത, എൻ. ബിജേഷ്, ഇ.എ. മുരളീധരൻ, ജോർജ് പാറക്കൽ, ബാങ്ക് ജനറൽ മാനേജർ എ.ആർ. വിമൽകുമാർ, സിസിഒ പീറ്റർ ജോസ് എന്നിവർ പ്രസംഗിച്ചു. ബാങ്ക് പരിധിയിലെ നിലന്പൂർ, വണ്ടൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിലായുള്ള രണ്ടായിരത്തോളം കുട്ടികളെയാണ് അനുമോദിച്ചത്.