തൃക്കൈക്കുത്ത് പാലത്തിലേക്കുള്ള റോഡ് തകർന്നു
1573396
Sunday, July 6, 2025 5:57 AM IST
നിലന്പൂർ: നിലന്പൂർ നഗരസഭയെയും വണ്ടൂരിനെയും ബന്ധിപ്പിക്കുന്ന തൃക്കൈക്കുത്ത് പാലത്തിലേക്കുള്ള റോഡ് തകർന്ന് ചെളിക്കുളമായി. ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ ഈ റോഡിലൂടെ സർവീസ് നടത്തുന്നത് സാഹസികമായാണ്. വാഹനങ്ങൾ ചെളിയിൽ താഴുന്നത് നിത്യസംഭവമാകുകയാണ്. നിലന്പൂർ നഗരസഭയിലെ കൊളക്കണ്ടം ഡിവിഷനിൽ ഉൾപ്പെട്ട ഭാഗത്തെ മണ്ണ് റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നുകിടക്കുന്നത്.
റോഡ് അറ്റകുറ്റപണി നടത്തി ടാറിംഗ് നടത്താത്തതാണ് പ്രശ്നം. തൃക്കൈക്കുത്ത് പാലം തുറന്ന് കൊടുത്തതോടെ നിലന്പൂർ നഗരസഭയുടെ ഭാഗത്ത് നിന്നുള്ളവരും വണ്ടൂർ ഭാഗത്ത് നിന്നുമുള്ളവരുമായ നൂറുക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന റോഡാണ് മഴ പെയ്തതോടെ ചെളിക്കുളമായത്.
ഇരുചക്ര വാഹനങ്ങൾ ഇവിടെ തെന്നിമറയുന്നു. നിലന്പൂരിൽ നിന്ന് വണ്ടൂർ ഭാഗത്തേക്കും വണ്ടൂരിൽ നിന്ന് നിലന്പൂരിലേക്കുമുള്ള എളുപ്പപാതയായതിനാൽ നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. അടിയന്തരമായി റോഡ് അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം.
ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമായിരുന്ന തൃക്കൈക്കുത്ത് പാലം യാഥാർഥ്യമായിട്ടും ഈ റോഡ് ഗതാഗത യോഗ്യമാക്കാത്തതാണ് യാത്രക്കാർക്ക് ദുരിതമായിരിക്കുന്നത്.തൃക്കൈക്കുത്ത് പാലത്തിലേക്കുള്ള ലിങ്ക് റോഡിനോട് ചേർന്ന് കിടക്കുന്ന ഭാഗമാണിത്.