ഉറങ്ങുകയായിരുന്ന വയോധികയുടെ മാല കവർന്നു
1573391
Sunday, July 6, 2025 5:48 AM IST
മഞ്ചേരി: വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയുടെ മൂന്നുപവൻ സ്വർണമാല മോഷണം പോയതായി പരാതി. നെല്ലിക്കുത്ത് പടിഞ്ഞാറെപറന്പ് കൊല്ലത്തൊടി ആസ്യ(78)യുടെ മാലയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനാണ് സംഭവം. വീടിന്റെ മുൻവശത്തെ രണ്ട് വാതിലുകൾ തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.
ആസ്യയുടെ ശബ്ദം കേട്ട് അടുത്തമുറിയിൽ കിടന്നിരുന്ന മരുമകൾ റംല എത്തിയപ്പോൾ വാതിൽ കുത്തി തുറന്നിട്ട നിലയിലായിരുന്നു. മുകൾ നിലയിൽ കിടക്കുന്ന മറ്റുള്ളവരെ വിളിച്ചുണർത്തി നോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്.
മാലയുടെ കഷ്ണം താഴെ വീണു കിടക്കുന്നുണ്ടായിരുന്നു. സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ തെളിഞ്ഞിട്ടുണ്ട്. സമീപത്തെ മറ്റ് രണ്ടു വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.