കടുവ കൂട്ടിൽ കുടുങ്ങി: ആശങ്കയൊഴിയാതെ മലയോരം
1573748
Monday, July 7, 2025 5:28 AM IST
കരുവാരകുണ്ട്: വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയെങ്കിലും ആശങ്കയൊഴിയാതെ മലയോരം. കരുവാരകുണ്ടിന്റെ മലയോര കൃഷിയിടങ്ങളിൽ കടുവകൾ ഇനിയുമുണ്ടെന്ന് കർഷകരും കർഷക തൊഴിലാളികളും ഉറപ്പിച്ച് പറയുന്നു. ഇന്നലെയാണ് സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച കെണിയിൽ കടുവ കുടുങ്ങിയത്. എന്നാൽ ഈ കടുവയെ കൂടാതെ ഇനിയും കടുവകളുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സൈലന്റ് വാലി വനമേഖലയിൽ നിന്നാണ് അപകടകാരികളായ കാട്ടുമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലെത്തി ഭീതി വിതക്കുന്നതെന്ന് വർഷങ്ങൾക്കു മുന്പേ മലയോര ജനത വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലം കണ്ടിരുന്നില്ല.
സൈലന്റ് വാലി വനമേഖലയിൽ നിന്ന് കൂന്പൻ മലയിടുക്കുവഴിയും കൽകുണ്ട് മണലിയാംപാടം വഴിയും എളുപ്പത്തിൽ കരുവാരകുണ്ടിന്റെ മലയോരത്ത് കടുവകൾക്ക് എത്തിപ്പെടാമെന്നും മലയോര കർഷകർ പറയുന്നു. കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ യുവാവിനെ കടുവ പിടികൂടി കൊലപ്പെടുത്തിയതോടെയാണ് അധികൃതർ ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.
കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുള്ളിപ്പുലി കുടുങ്ങിയിരുന്നു. പ്രദേശത്ത് പുളളിപ്പുലിയുടെ സാന്നിധ്യമുണ്ടെന്നും വളർത്തുമൃഗങ്ങളെ ഇവ ഇരയാക്കുന്നുണ്ടെന്നും വർഷങ്ങളായി മലയോര ജനത ചൂണ്ടിക്കാണിച്ച വിഷയമായിരുന്നു. എന്നാൽ വനം വകുപ്പധികൃതർ ഇത് അംഗീകരിച്ചിരുന്നില്ല. വളർത്തുനായ്ക്കളെയായിരുന്നു ഇവ ആദ്യം പിടികൂടി ഇരയാക്കിയിരുന്നത്.
നായ്ക്കളെ കിട്ടാതായതോടെ ആടുകളെയും മേയാൻ വിട്ടിരുന്ന പോത്തുകളെയും പശുക്കളെയും ഇരയാക്കിയ സംഭവങ്ങളും ഭീതിയോടെയാണ് ജനങ്ങൾ കണ്ടിരുന്നത്. അധികൃതരോട് ഇക്കാര്യങ്ങൾ അറിയിച്ചാലും നടപടി ഒന്നുമില്ലായിരുന്നു. നിർധന കുടുംബങ്ങൾ ജീവിത വഴിക്കു വേണ്ടി വളർത്തിപ്പോന്നിരുന്ന ഒട്ടേറെ ആടുകളെ ഏതാനും വർഷത്തിനുള്ളിൽ പുലിയും കടുവയും ഇരയാക്കിയിരുന്നതായും കർഷകർ പറയുന്നു.
സുൽത്താന എസ്റ്റേറ്റിൽ കടുവ കൂട്ടിൽ കുടുങ്ങിയതോടെ തെരച്ചിൽ അവസാനിപ്പിക്കാനുള്ള നീക്കം നടത്താതെ വീണ്ടും കടുവ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ കൂടും കാമറയും സ്ഥാപിച്ചാൽ നരഭോജികളായ കാട്ടുമൃഗങ്ങളെ ഇനിയും കണ്ടെത്താനാകുമെന്നാണ് മലയോര ജനത വ്യക്തമാക്കുന്നത്.