നിലന്പൂർ പഴയ ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ: മൗനം പാലിച്ച് നഗരസഭ
1573751
Monday, July 7, 2025 5:28 AM IST
നിലന്പൂർ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ ബസ് സ്റ്റാൻഡ് കെട്ടിടം കാലപഴക്കം കാരണം അപകടാവസ്ഥയിൽ. തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ് കെട്ടിടം. നിലന്പൂരിലെ ആദ്യത്തെ ബസ് സ്റ്റാന്റാണിത്.
നിരവധി യാത്രക്കാർ നിത്യവും ബസുകൾ കാത്ത്നിൽക്കുന്ന സ്ഥലം കൂടിയാണിത്. കെട്ടിടത്തിന്റെ ചെറിയ കോണ്ക്രീറ്റ് കഷ്ണങ്ങൾ ബസ് കാത്ത്നിൽക്കുന്നവരുടെ തലയിൽ ഉൾപ്പെടെ വീഴുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലതവണ ഇതേക്കുറിച്ച് നഗരസഭാ അധികൃതർക്ക് പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് യാത്രക്കാരും ഓട്ടോ തൊഴിലാളികളും ബസുടമകളും പറയുന്നത്.
കാലപഴക്കത്താൽ അപകട ഭീഷണി നേരിടുന്ന കെട്ടിടത്തിന്റെ സുരക്ഷ എൻജിനീയറിംഗ് വിഭാഗമാണ് ഉറപ്പ് വരുത്തേണ്ടത്. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതും ആവശ്യമായ അറ്റകുറ്റപണികൾ നടത്തേണ്ടതും അധികൃതരുടെ ഉത്തരവാദിത്വമാണ്.
കോട്ടയം മെഡിക്കൽ കോളജിന്റെ കെട്ടിടം തകർന്ന് വീണ് വീട്ടമ്മ ദാരുണമായി മരണപ്പെട്ട സാഹചര്യത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പ്വരുത്തേണ്ടത് ഉത്തരവാദിത്വപ്പെട്ടവരുടെ ചുമതലയാണെന്നാണ് നാട്ടുകാർ പറയുന്നത്.
പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന് മുന്നിൽ മഴ പെയ്താൽ ബസ് കാത്തുനിൽക്കുന്നവർ ആശങ്കയിലാകും. ഈ കെട്ടിടത്തിനുള്ളിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ ഓരോ മാസവും നഗരസഭക്ക് വലിയൊരു തുക വാടകയിനത്തിലും ലഭിക്കുന്നു. കെട്ടിടത്തിൽ നഗരസഭയുടെ മിനി ടൗണ്ഹാളും വയോജനങ്ങളുടെ പകൽ വീടുമെല്ലാം പ്രവർത്തിക്കുന്നു.
നഗരസഭയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രധാന ആവശ്യം. അതേസമയം പഴയ ബസ് സ്റ്റാൻഡ് കെട്ടിടം അറ്റകുറ്റപണി നടത്താൻ അരീക്കോട് സ്വദേശിക്ക് കരാർ നൽകുകയും ടെൻഡർ നടപടി പൂർത്തീകരിച്ചതാണെന്നും നഗരസഭ അധികൃതർ പറയുന്നു. കരാറുകാരൻ പ്രവൃത്തി വൈകിപ്പിക്കുകയാണെന്നാണ് നഗരസഭ ചൂണ്ടിക്കാട്ടുന്നത്.