കർഷക തൊഴിലാളി യൂണിയൻ ധർണ നടത്തി
1574099
Tuesday, July 8, 2025 7:47 AM IST
അങ്ങാടിപ്പുറം: വിവിധ ക്ഷേമ പെൻഷൻ അപേക്ഷകൾ സമയബന്ധിതമായി പാസാക്കാതെ അനാസ്ഥ കാണിച്ച യുഡിഎഫ് നേതൃത്വം നൽകുന്ന അങ്ങാടിപ്പുറം പഞ്ചായത്തിന്റെ നടപടികളിൽ പ്രതിഷേധിച്ച് കർഷക തൊഴിലാളി യൂണിയൻ അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.
2024 ജൂലൈ മുതൽ ലഭിച്ച 83 അപേക്ഷകളിൽ അന്വേഷണം നടത്തിയത് 2025ജൂണ്‍ മാസത്തിലാണ്. മൂന്ന് മാസം മുതൽ 12 മാസം വരെ അപേക്ഷകൾ പരിഗണിക്കാതെ കിടന്നു. അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കി പാസാക്കണമെന്നാണ് നിയമം എന്നിരിക്കെ 7,96,800 രൂപ അപേക്ഷകർക്ക് നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ഗുരുതരമായ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും മലപ്പുറത്ത് ജോയിന്റ് ഡയറക്ടർക്കും പരാതി നൽകാനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവരുടെ വാർഡുകളിൽ നിരവധി ആളുകൾക്ക് പ്രയാസമുണ്ടായിട്ടും അവർ ശ്രദ്ധിച്ചില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ധർണ സമരം കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ടി.പി. വിജയൻ ഉദ്ഘാടനം ചെയ്തു. കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.ടി.നാരായണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിഹാദ് പേരയിൽ, അനിൽ പുലിപ്ര, ജൂലി പോളി, പി. രത്നകുമാരി, വാഹിദ വാപ്പുട്ടി, എ.സി. അനിൽകുമാർ, ഒ.ടി. മുഹമ്മദ് സമീർ എന്നിവർ പ്രസംഗിച്ചു.