പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയോട് സർക്കാരിന് അവഗണനയെന്ന് എംഎൽഎ
1574100
Tuesday, July 8, 2025 7:47 AM IST
പെരിന്തൽമണ്ണ: കേരളത്തിന്റെ ആരോഗ്യരംഗം പൊളിഞ്ഞ് വീണുകൊണ്ടിരിക്കുകയാണെന്ന് നജീബ് കാന്തപുരം എംഎൽഎ. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ രോഗികളെയും ജീവനക്കാരെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്ത് ഏറ്റവും മോശപ്പെട്ട സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികളുടെ ഏക ആശ്രയമായ സർക്കാർ ആശുപത്രികളെ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് പരാജയമാണ്. ആത്മാർഥതയും സേവന സന്നദ്ധരുമായ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആശുപത്രികളുടെ ജനകീയ വികസന സമിതികളുടെയും പിന്തുണകൊണ്ടു മാത്രമാണ് സർക്കാർ ആശുപത്രികൾ മുന്നോട്ടു പോകുന്നത്. സർക്കാർ ആശുപത്രികളിലെ കെട്ടിടങ്ങൾ പലതും പൊളിഞ്ഞു വീഴാറായിരിക്കുന്നു.
ആരോഗ്യരംഗം വഷളായത് സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടുമാത്രമാണെന്നും എംഎൽഎ പറഞ്ഞു. എംഎൽഎയുടെ സന്ദർശനത്തെ തുടർന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ ചില ക്രമീകരണങ്ങൾ നടത്താൻ തീരുമാനമായി.
പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം നേരത്തെ സർജിക്കൽ വാർഡായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റും. ആശുപത്രി കെട്ടിടങ്ങളിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങൾ ഉടൻ മുറിച്ചുനീക്കും. ആശുപത്രിയിൽ ജല ലഭ്യത ഉറപ്പാക്കാൻ വാട്ടർ അഥോറിറ്റിക്ക് നിർദേശം നൽകി. നിർമാണം പൂർത്തിയായ പുതിയ ഒപി ബ്ലോക്ക് ഉടൻ പ്രവർത്തനമാരംഭിക്കാൻ നടപടി സ്വീകരിക്കും. 11 ന് ചേരുന്ന ആശുപത്രി വികസന സമിതി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഫാർമസി, ഒപി എന്നിവിടങ്ങളിൽ രോഗികൾക്ക് കൂടുതൽ ഇരിപ്പിട സൗകര്യം ഒരുക്കും.
ഫാർമസിയിലെ തിരക്ക് ഒഴിവാക്കുന്നതിനും രോഗികൾക്ക് വേഗത്തിൽ മരുന്ന് വിതരണം ചെയ്യുന്നതിനുമായി പെരിന്തൽമണ്ണയിലെ ഫാർമസി കോളജുകളിലെ വിദ്യാർഥികളുടെ സേവനം ഉറപ്പാക്കും. കാലപ്പഴക്കം കാരണം കെട്ടിടം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗമാക്കാനും തീരുമാനിച്ചു.
ആശുപത്രി സന്ദർശിച്ച ശേഷം ചേർന്ന യോഗത്തിൽ എംഎൽഎ, സൂപ്രണ്ട് ഡോ. ഷീന ലാൽ, ആർഎംഒ ഡോ. ദീപക് കെ. വ്യാസ്, ഡോ. എ.കെ. റൗഫ്, നഴ്സിംഗ് സുപ്രണ്ട് സുജാത, ഷീബ ബഷീർ എന്നിവർ സംസാരിച്ചു.