കടുവ കുടുങ്ങിയത് ആശ്വാസമായി : മലയോര കൃഷിയിടങ്ങളിൽ തൊഴിലുകൾ പുനരാരംഭിച്ചു
1574298
Wednesday, July 9, 2025 5:37 AM IST
കരുവാരകുണ്ട്: കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവ 53 ദിവസത്തെ തെരച്ചിലിനൊടുവിൽ കെണിയിൽ അകപ്പെട്ടതോടെ മലയോര ജനതക്ക് ആശ്വാസമായി. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ നിന്നുള്ള വനപാലകരെയും ആർആർടി സംഘാംഗങ്ങളെയും ഉൾപ്പെടുത്തിയാണ് മലയോരത്ത് രണ്ടുമാസത്തോളം പ്രത്യേക ദൗത്യസംഘം തെരച്ചിൽ നടത്തിയത്. ഇതിനിടെ കേരള എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. ഇതോടു കൂടി വർഷങ്ങളായി മലയോര ജനത ചൂണ്ടിക്കാട്ടിയ പുലി സാന്നിധ്യവും യാഥാർഥ്യമായെന്ന് വ്യക്തമായി.
അപകടകാരികളായ കാട്ടുമൃഗങ്ങൾ കരുവാരക്കുണ്ടിന്റെ മലയോരങ്ങളിലാണ് താവളമാക്കിമാക്കിയിരിക്കുന്നതെന്ന് നേരത്തെ തന്നെ മലയോര കർഷകർ വ്യക്തമാക്കുകയും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ്. എന്നാൽ അവർ അക്കാര്യം നിഷേധിക്കുകയായിരുന്നു. പുലികൾ കരുവാരകുണ്ടിന്റെ മലയോരങ്ങളിൽ ഇനിയുമുണ്ടെന്നാണ് തൊഴിലാളികളടക്കം ചൂണ്ടിക്കാട്ടുന്നത്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, വാനരക്കൂട്ടം തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യം ദിനേന വർധിച്ചു വരുന്ന സാഹചര്യമാണിന്ന്. ഇവയുടെ ശല്യത്തെത്തുടർന്ന് നിരവധി കർഷകർ കൃഷിയോട് വിടപറഞ്ഞിരിക്കുകയാണ്.
മനുഷ്യജീവനും കൃഷിക്കും ഭീഷണി സൃഷ്ടിക്കുന്ന കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിൽ പ്രവേശിക്കാതിരിക്കാനുള്ള നടപടികൾ നടത്തണമെന്ന ആവശ്യമാണ് മലയോര ജനത മുന്നോട്ടുവയ്ക്കുന്നത്. കരുവാരകുണ്ടിൽ നിന്ന് പിടികൂടിയ കടുവയെ വനപാലകർ തൃശൂരിലെ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു.
അവിടെ തന്നെ കടുവയ്ക്ക് തുടർചികിത്സയും നൽകിവരുന്നു. കടുവ കൂട്ടിൽ കുടുങ്ങിയതോടെ മലയോര കൃഷിയിടങ്ങൾക്ക് ഉണർവുപകർന്ന് തൊഴിലാളികളും കർഷകരും തൊഴിലുകൾ പുനരാരംഭിച്ചു.