ജീവനക്കാരുടെ അഭാവം നേരിടുന്നു: കരുവാരക്കുണ്ട് സിഎച്ച്സി അവഗണനയിൽ
1574303
Wednesday, July 9, 2025 5:37 AM IST
കരുവാരകുണ്ട്: പകർച്ചപനിയും മറ്റു രോഗങ്ങളും ബാധിച്ച് മലയോര ജനത കഷ്ടപ്പെടുന്പോഴും ആശ്വാസ നടപടികളിൽ ആരോഗ്യവകുപ്പധികൃതർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് ആക്ഷേപം. ജീവനക്കാരുടെ അഭാവമാണ് പ്രധാന കാരണം.
കരുവാരകുണ്ടിന് പുറമെ തുവൂർ, എടപ്പറ്റ പഞ്ചായത്തുകളിലെ ചില ഭാഗങ്ങളിലെ സാധാരണക്കാരും ആശ്രയിക്കുന്നത് കരുവാരകുണ്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെയാണ്. എന്നാൽ മതിയായ സൗകര്യങ്ങളും ജീവനക്കാരും ആശുപത്രിയിലില്ലെന്നാണ് പരാതി.
കാലവർഷം ശക്തമായതോടെ പകർച്ചപനി ഉൾപ്പെടെയുള്ള രോഗം ബാധിച്ചവരുടെ തിരക്കാണിവിടെ. ദിനേന 300 ൽ പരം രോഗികൾ സിഎച്ച്സിയെ ആശ്രയിക്കുന്നുണ്ട്. എന്നിട്ടും ആശുപത്രിയിൽ മതിയായ ജീവനക്കാരെ നിയമിക്കാതെ മലയോര മേഖലയിലെ ജനങ്ങളെ അവഗണിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ആശുപത്രിയിൽ നിയമിച്ച ജീവനക്കാരെ എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം പിൻവലിക്കുകയാണുണ്ടായത്. ആശുപത്രി സംബന്ധമായ ആവശ്യങ്ങൾക്ക് ഡോകടർമാർ പുറത്തുപോയാൽ സേവനം ഒരു ഡോക്ടറിൽ ഒതുങ്ങും.
കിടത്തി ചികിത്സക്ക് ഒരു പതിറ്റാണ്ടു മുന്പ് ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടം നിർമിച്ചെങ്കിലും കിടത്തി ചികിത്സ നടക്കുന്നില്ല. ജീവനക്കാരുടെ അഭാവമാണ് ഇതിന്റെ പിന്നിലെന്ന് അധികൃതർ പറയുന്നു. ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും പരിഹാരമായില്ലത്രെ. കരുവാരകുണ്ട് സിഎച്ച്സിയോടുള്ള സർക്കാരിന്റെ അവഗണനക്കെതിരെ പ്രതിഷേധം ശക്തമാണ്.