വായനയ്ക്ക് പകരമാകാൻ മറ്റൊന്നിനും കഴിയില്ല: കളക്ടർ
1574300
Wednesday, July 9, 2025 5:37 AM IST
മലപ്പുറം: വായനയ്ക്ക് പകരമാകാൻ മറ്റൊന്നിനും കഴിയില്ലെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ്. വായനാ പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായന മനുഷ്യന്റെ ചിന്താശേഷി വർധിപ്പിക്കും.
തീരുമാനമെടുക്കാനുള്ള കഴിവ് വളർത്താനും അറിവ് വർധിപ്പിക്കാനും വായന സഹായകമാകും. സാമൂഹിക മാധ്യമങ്ങളുടെ കാലഘട്ടത്തിലും വായനയുടെ പ്രാധാന്യം കുറയുന്നില്ല. സാങ്കേതികവിദ്യ വളർന്നെങ്കിലും പുസ്തക വായന കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ പി. സഫറുള്ള മുഖ്യപ്രഭാഷണം നടത്തി. വായനയിലൂടെ ലഭിക്കുന്നത് അറ്റമില്ലാത്ത അറിവാണെന്ന് അദ്ദേഹം പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസ രചന മത്സരത്തിലെ വിജയികളായ ഫാത്തിമത്ത് സുഹറ (പത്താം തരം, ജിഎംവിഎച്ച്എസ്എസ് വേങ്ങര),
എം.പി. ഹസീന (പ്ലസ് വണ്‍, ജിഎച്ച്എസ്എസ് കടുങ്ങപുരം), എം.കെ. രമണി (പ്ലസ്ടു, ജിഎച്ച്എസ്എസ് കടുങ്ങപുരം) എന്നിവർക്ക് കളക്ടർ ഉപഹാരം നൽകി. സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ അബ്ദുൾ റഷീദ് ചോല പ്രതിജ്ഞ ചൊല്ലികൊടുത്തു.
ലൈബ്രററി കൗണ്‍സിൽ എക്സിക്യൂട്ടീവ് മെംബർ കെ.ആർ. നാൻസി, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി ജാഫർ കക്കൂത്ത്, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ദീപ ജയിംസ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.