നിലന്പൂർ - അകന്പാടം റോഡിൽ അപകടങ്ങൾ തുടർക്കഥ
1574306
Wednesday, July 9, 2025 5:41 AM IST
നിലന്പൂർ: നിലന്പൂർ - അകന്പാടം റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മഹാഗണിയിലും മൈലാടിയിലും സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ഭാഗത്ത് കാറുകളുടെ അമിത വേഗത കാരണം ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഞായറാഴ്ച ഉണ്ടായ അപകടത്തിൽ അകന്പാടം നഗറിലെ യദുകൃഷ്ണ (25)നും തിങ്കളാഴ്ച രാത്രി മൈലാടിയിൽ ഉണ്ടായ അപകടത്തിൽ നന്പൂരിപ്പൊട്ടി സ്വദേശി ആമീൻ അസ്ലവു (20)മാണ് മരിച്ചത്.
ആമീൻ അസ്ലത്തെ ഇടിച്ച് വീഴ്ത്തിയ കാർ ഓടിച്ചിരുന്നത് വണ്ടൂർ സ്വദേശി ഹാരിസ് റഹ്മാനാണ്. ഇയാളെയും സഹായിയായി എത്തിയവരെയും നാട്ടുകാർ ഇന്നലെ പുലർച്ചെ ഒന്നരയോടെ പിടികൂടി നിലന്പൂർ പോലീസിന് കൈമാറി.
മഹാഗണി അപകട വളവിൽ പൊതുമരാമത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടതാണ്. മൈലാടി പാലത്തിന് സമീപവും മഹാഗണിയിലും സിസിടിവികൾ വേണം.
വെളിയംതോട് മുതൽ മൈലാടിപാലം വരെ മുന്നറിയിപ്പ് ബോർഡുകൾ അനിവാര്യമാണ്. നിലന്പൂർ - നായാടംപൊയിൽ മലയോര പാതയിൽ ഉൾപ്പെട്ട മൈലാടി മുതൽ അകന്പാടം വരെയുള്ള ഭാഗങ്ങൾ അപകടഭീതി ഉയർത്തുന്ന സ്ഥലമാണ്.