ഫണ്ട് ലാപ്സായില്ല; ഓഡിറ്റ് പരാമർശം ശരിയല്ലെന്ന് ഭരണസമിതി അംഗങ്ങൾ
1574304
Wednesday, July 9, 2025 5:41 AM IST
മഞ്ചേരി: 2023- 24 സാന്പത്തിക വർഷത്തിൽ മഞ്ചേരി നഗരസഭക്ക് അനുവദിച്ച പ്ലാൻ ഫണ്ടിൽ 9.16 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന ഓഡിറ്റ് പരാമർശം ശരിയല്ലെന്നും സർക്കാർ ഫണ്ട് അനുവദിക്കാതെ എങ്ങനെയാണ് ഫണ്ട് ലാപ്സാക്കി എന്ന് പറയുന്നതെന്നും നഗരസഭ ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബജറ്റ് പ്രകാരം 32 കോടി രൂപക്കാണ് കഴിഞ്ഞ വർഷം പദ്ധതി തയാറാക്കാൻ നഗരസഭക്ക് നിർദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കുകയും എട്ട് കോടി രൂപ ആദ്യ ഗഡുവായി ലഭിക്കുകയും ഇത് വിനിയോഗിക്കുകയും ചെയ്തു.
രണ്ടാമത്തെ ഗഡുവായി എട്ട് കോടി രൂപ മാർച്ച് 22 നാണ് സർക്കാർ അനുവദിച്ചത്. ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചെങ്കിലും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതോടെ തുക വിനിയോഗിക്കാൻ സാധിച്ചില്ല. വയോമിത്രം - 14 ലക്ഷം, ഭിന്നശേഷി സ്കോളർഷിപ്പ് -19, പിഎംഎവൈ വിഹിതം അടവാക്കൽ തുടങ്ങി നിരവധി ബില്ലുകൾ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷത്തിന് മുകളിലുള്ള തുകയൊന്നും ട്രഷറി പാസാക്കിയില്ല. ഇത്തരത്തിൽ ട്രഷറി നിയന്ത്രണവും ബാക്കി തുക പണം അനുവദിക്കാതെയും സർക്കാർ നടത്തിയ നാടകമാണ് ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശമെന്നും നഗരസഭ ചെയർപേഴ്സണ് വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ് എന്നിവർ പറഞ്ഞു.
മഞ്ചേരി നഗരസഭ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവയ്ക്കാനാണ് ഇത്തരത്തിലുള്ള സമര നാടകവുമായി എൽഡിഎഫ് മുന്നോട്ടുവന്നതെന്നും അംഗങ്ങൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ സി. സക്കീന, യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, എൻ.കെ. ഖൈറുന്നീസ, എൻ.എം. എൽസി എന്നിവർ പങ്കെടുത്തു.