മാനന്തവാടിയിൽ യൂത്ത് കോണ്ഗ്രസ് മാർച്ചിൽ സംഘർഷം
1573404
Sunday, July 6, 2025 6:07 AM IST
മാനന്തവാടി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ഡിഎംഒ ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് ഡിഎംഒ ഓഫീസിനു മുന്പിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ റീത്ത് വച്ചു.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. രാവിലെ 11.30 ഓടെ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് ആരംഭിച്ച മാർച്ച് ഡിഎംഒ ഓഫീസിനു കുറച്ചകലെ പോലീസ് തടഞ്ഞു. ഇതേത്തുടർന്നു പോലീസുമായുണ്ടായ സംഘർഷത്തിനിടെയാണ് പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ഡിഎംഒയുടെ കാര്യാലയ വളപ്പിൽ പ്രവേശിച്ചത്.
മാർച്ച് കെപിസിസി അംഗം കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അജ്മൽ വെള്ളമുണ്ട, അഡ്വ.ലയണൽ മാത്യു, ജിജോ പൊടിമറ്റത്തിൽ, നിയോജകമണ്ഡലം പ്രസിഡന്റ് അസിസ് വാളാട്,
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിശാന്ത് എന്നിവർ പ്രസംഗിച്ചു. ഹർഷൽ കോന്നാടൻ, ശ്രീജിത്ത് കുപ്പാടിത്തറ, നിത കേളു, മനാഫ് ഉപ്പി, ജിബിൻ മന്പള്ളി, ജിജി വർഗീസ്, ബിൻഷാദ് കെ. ബഷീർ, ജിനു കോളിയാടി, അനീഷ് മിനങ്ങാടി, ഡിന്േറാ ജോസ്, ഷക്കീർ പുനത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.