വീടിന്റെ തറയിലും ചുമരിലും രക്തത്തിന് സമാനമായ നിറത്തിൽ ദ്രാവകം കിനിയുന്നത് പരിഭ്രാന്തിക്കിടയാക്കി
1572704
Friday, July 4, 2025 5:02 AM IST
സുൽത്താൻ ബത്തേരി: വീടിന്റെ തറയിലും ചുമരിലും രക്തത്തിന് സമാനമായ നിറത്തിൽ ദ്രാവകം കിനിയുന്നത് പരിഭ്രാന്തിക്കിടയാക്കി. നെൻമേനി പഞ്ചായത്തിലെ മഞ്ഞാടിയിൽ പറയഞ്ചേരി ഹഫ്സത്തും കുടുംബവും താമസിക്കുന്ന വീട്ടിലാണ് ഈ പ്രതിഭാസം.
ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് നിലത്ത് രക്തത്തിന് സമാനമായ നിറത്തിൽ ദ്രാവകം ആദ്യം കണ്ടത്. രണ്ടരവയസുള്ള കുട്ടിയുടെ ദേഹത്തും നിറമുള്ള ദ്രാവകം പടർന്നിരുന്നു. വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല.
ഒരു ദിവസത്തിനുശേഷം ഇന്നലെ രാവിലെ മുതൽ പല സമയങ്ങളിൽ ഹാളിലും കിടപ്പുമുറികളിലും ശുചിമുറിയിലും ചുമരിലും ഇത്തരത്തിൽ ദ്രാവകം കിനിഞ്ഞത് വീട്ടുകാരെ ആശങ്കയിലാക്കി. ഒരിടത്ത് തുടച്ചുകളയുന്പോൾ മറ്റൊരിടത്ത് ദ്രാവകം കിനിയുകയാണ്. ഇതേക്കുറിച്ച് അറിഞ്ഞ് നിരവധിയാളുകളും നെൻമേനി പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തി.
വൈകുന്നേരം വീട്ടിലെത്തിയ അന്പലവയൽ പോലീസ് സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ച്ചു. പരിശോധനാഫലം വന്നതിനുശേഷമേ പ്രതിഭാസത്തിനു കാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. ഹഫസ്ത്തിന്റെ അമ്മാവന്റെ മകന്റേതാണ് വീട്. കുടുംബം തൊട്ടടുത്തുള്ള വീട്ടിലാണ് കഴിഞ്ഞ രാത്രി ഉറങ്ങിയത്.