അറുതിയില്ലാതെ ഗൂഡല്ലൂർ താലൂക്കിലെ കാട്ടാനശല്യം
1572206
Wednesday, July 2, 2025 5:45 AM IST
ഗൂഡല്ലൂർ: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാനശല്യം വർധിച്ചു. ആനകൾ ഒറ്റയ്ക്കും കൂട്ടമായും ജനവാസ മേഖലകളിൽ ഇറങ്ങുകയാണ്. എട്ടാംമൈൽ, കടച്ചനകൊല്ലി, പള്ളിപ്പാടി, തമിഴർപാടി, നെല്ലിക്കുന്ന്, ദേവർഷോല, ത്രീഡിവിഷൻ, പാടന്തറ, കെണിയംവയൽ, മാക്കമൂല, തേൻവയൽ, കുണ്ടിത്താൽ, കുനിൽവയൽ, സമർട്ടണ്, മാർത്തോമാ നഗർ, കോഴിപ്പാലം, തുറപ്പള്ളി, മരപ്പാലം,
വാച്ചികൊല്ലി, സിൽവർ ക്ലൗഡ്, ഈപ്പൻകാട്, തോട്ടമൂല, അന്പലക്കാട്, ഈട്ടിമൂല, ആനചത്തകൊല്ലി, ചെളുക്കാടി, കന്പാടി, ദേവൻ, കോട്ടായ്മട്ടം, ബീച്ചനകൊല്ലി, കൗണ്ടൻകൊല്ലി, നടു ഗൂഡല്ലൂർ, നന്തട്ടി, പുളിയംപാറ, കാരക്കുന്ന്, അഞ്ചുകുന്ന്, വുഡ് ബ്രയർ, കറക്കപാളി, മാരക്കര, നാടുകാണി, ഓവാലി പ്രദേശങ്ങളിലാണ് കാട്ടാനശല്യം അതിരൂക്ഷം.
രാപകൽ വ്യത്യാസമില്ലാതെയാണ് ഇവിടങ്ങളിൽ കാട്ടാനകളുടെ വിഹാരം. ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ജനവാസ മേഖലയിൽ എത്തുന്ന ആനകളെ ജീവൻ പണയംവച്ചാണ് നാട്ടുകാർ തുരത്തുന്നത്.
ജനങ്ങളുടെ ആശങ്ക അകറ്റാൻ വനം വകുപ്പിന് സാധിക്കുന്നില്ല. ആനകളെ നിരീക്ഷിക്കാനും തുരത്താനും വിവിധ സ്ഥലങ്ങളിൽ വനപാലകരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. കൃഷിടിയങ്ങളിലെത്തുന്ന ആനകളെ നിരീക്ഷിക്കുന്ന രീതി മാറ്റണമെന്നും അവ നാട്ടിലിറങ്ങുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.