എലവഞ്ചേരിയിലെ പൊതു ആസ്തി കൈമാറ്റം ഇന്ന് മന്ത്രി നിർവഹിക്കും
1571631
Monday, June 30, 2025 5:49 AM IST
കൽപ്പറ്റ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ നബാർഡിന്റെ സഹായത്തോടെ എരുവാഞ്ചേരി നീർത്തടത്തിൽ നിർമിച്ച പൊതു ആസ്തികളുടെ കൈമാറ്റം ഇന്ന് വൈകുന്നേരം നാലിന് പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. പുലിക്കാട് ഗവ.എൽ.പി. സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
പൊതു നിർമിത ആസ്തികളായ കോണ്‍ക്രീറ്റ് തടയണ, കോണ്‍ക്രീറ്റ് ഫാം കുളങ്ങൾ, കരിങ്കൽ കുളം എന്നിവ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് കൈമാറും. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെആറ്, എട്ട്, 13, 14, 15, 16 വാർഡുകൾ ഉൾപ്പെടുന്ന എരുവാഞ്ചേരി നീർത്തടത്തിന്റെ 562 ഹെക്ടർ ഭൂമിയിലാണ് മണ്ണ് ജല സംരക്ഷണ പ്രവർത്തികളുടെ ഭാഗമായി മണ്‍കയ്യാല, തീറ്റപ്പുല്ല് നടീൽ, മഴവെള്ള സംഭരണി, കിണർ റീചാർജ് യൂണിറ്റ്, ഫലവൃക്ഷതൈകൾ നടീൽ, കോണ്‍ക്രീറ്റ് തടയണ, കുളങ്ങൾ എന്നീ പ്രവർത്തികൾ നടപ്പാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ പി.കെ. അമീൻ, ബാലൻ വെള്ളരിമ്മൽ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താര മനോഹരൻ, മണ്ണ് സംരക്ഷണ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡി. ആനന്ദ ബോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.