കാപ്പിക്കാട് വനത്തിൽ മൃതദേഹം കണ്ടെത്തിയത് ചേരന്പാടി നിവാസികൾക്കു നടുക്കമായി
1571275
Sunday, June 29, 2025 5:40 AM IST
ഗൂഡല്ലൂർ: ചേരന്പാടിക്കടുത്തു കാപ്പിക്കാട് വനത്തിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരെ ഞെട്ടിച്ചു. ഒന്നര വർഷം മുന്പ് കോഴിക്കോടുനിന്നു കാണാതായ, ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ (53)മൃതദേഹമാണ് വനത്തിൽ കണ്ടെത്തിയത്.
ബത്തേരി സ്വദേശിയായ ഹേമചന്ദ്രൻ വർഷങ്ങൾ മുന്പ് കോഴിക്കോട് മായനാടിലേക്ക് താമസം മാറ്റിയതാണ്. ഭാര്യയുടെ പരാതിയിൽ ഹേമചന്ദ്രന്റെ തിരോധാനം അന്വേഷിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് ബത്തേരി മാടക്കര, വള്ളുവാടി സ്വദേശികളെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കാപ്പിക്കാട് വനത്തിൽ കുഴിച്ചിട്ടതായി വിവരം ലഭിച്ചത്.
ഗൂഡല്ലൂർ ആർഡിഒ ഇൻ ചാർജ് സബ് കളക്ടർ സംഗീത, ദേവാല ഡിവൈഎസ്പി ജയപാൽ, തഹസിൽദാർ സിറാജുന്നീസ, ചേരന്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അയ്യനാർ, കോഴിക്കോടുനിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.