എൻ ഉൗര് ടൂറിസം പദ്ധതി പ്രദേശത്ത് മരം മുറിയ്ക്ക് നീക്കം
1571276
Sunday, June 29, 2025 5:40 AM IST
കൽപ്പറ്റ: വൈത്തിരി താലൂക്കിലെ എൻ ഉൗര് ടൂറിസം പദ്ധതി പ്രദേശത്തുനിന്നു മരങ്ങൾ, മുള, ഈറ്റ, ഓട തുടങ്ങിയ മുറിച്ചുമാറ്റുന്നതിനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ സബ് കളക്ടർക്കും സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കും കത്ത് നൽകി.
എൻ ഉൗര് ടൂറിസം കേന്ദ്രം വനഭൂമിയിലാണ്. 1971ലെ പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ ഈ ഭൂമി കേന്ദ്ര സർക്കാരിന്റെയും സുപ്രീം കോടതിയുടെയും പ്രത്യേക അനുമതിയോടെ ആദിവാസികൾക്കു നൽകേണ്ടതാണ്. ഭൂമി ഡി റിസർവ് ചെയ്തിട്ടില്ല. ഇവിടെയുള്ള മരങ്ങളും മറ്റും മുറിക്കുന്നത് നിയമവിരുദ്ധമാണ്. സർക്കാർ അനുമതിയില്ലാതെ മരങ്ങൾ മുറിക്കാൻ വനം, റവന്യു ഉദ്യോഗസ്ഥർക്ക് അധികാരമില്ല.
നിയമവിരുദ്ധമായാണ് ഭൂമി എൻ ഉൗര് ടൂറിസം പദ്ധതിക്ക് വിട്ടുകൊടുത്തത്. ഇതിനെതിരേ പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും കത്തിൽ പറയുന്നു.