ചൂരൽമലയിലെ ജനകീയ പ്രതിഷേധം: യുഡിഎഫ് മാർച്ച് ഇന്ന്
1571010
Saturday, June 28, 2025 5:41 AM IST
കൽപ്പറ്റ: യുഡിഎഫ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10ന് വെള്ളാർമല വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തും.
ബുധനാഴ്ച രാവിലെ ചൂരൽമലയിൽ ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്തതിൽ ആറു പേർക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്ന് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ ടി. ഹംസ, പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.കെ. അഷ്റഫ്, കണ്‍വീനർ ഒ. ഭാസ്കരൻ, കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബി. സുരേഷ്ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കനത്ത മഴയ്ക്കിടെ പുന്നപ്പുഴയിൽ പൊടുന്നനെ ഉണ്ടായ കുത്തൊഴുക്ക് പുഞ്ചിരിമട്ടം ഭാഗത്ത് വീണ്ടും ഉരുൾപൊട്ടിയതുമൂലമാണെന്ന സംശയത്തിനു കാരണമായിരുന്നു. ഇതേത്തുടർന്നാണ് ആളുകൾ ആശങ്കയോടെ ചൂരൽമലയിൽ സംഘടിച്ചത്.
വൈകി സ്ഥലത്ത് എത്തിയ വെള്ളാർമല വില്ലേജ് ഓഫീസറെ ജനക്കൂട്ടം ചോദ്യം ചെയ്യുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ വില്ലേജ് ഓഫീസർ നൽകിയ പരാതിയിലാണ് കൈയേറ്റം, വാഹനത്തിനു കേടുവരുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. വില്ലേജ് ഓഫീസറുടെ വ്യാജ പരാതിയാണ് കേസിന് ആധാരം. സർക്കാർ ഇടപെട്ട് കേസ് പിൻവലിപ്പിക്കണം.
പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതർ നിരന്തരം സമരം ചെയ്യേണ്ട ഗതികേടിലാണ്. 300ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾപൊട്ടൽ നടന്ന് 11 മാസമായിട്ടും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ദുരന്തബാധിതർക്ക് പൂർണമായി ലഭിക്കുന്നില്ല.
ദിനബത്തയും വീട്ടുവാടകയും ലഭിക്കാത്ത കുടുംബങ്ങളുണ്ട്. ദുരന്തബാധിതരുടെ പുനരധിവാസം എവിടെയും എത്തിയിട്ടില്ല. മുഴുവൻ ദുരന്തബാധിത കുടുംബങ്ങളെയും പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളാണ് പല കുടുംബങ്ങളും പട്ടികയിൽ ഉൾപ്പെടാതെപോയതിനു കാരണം. മേപ്പാടി പഞ്ചായത്ത് തയാറാക്കിയ പട്ടികയിൽ 543 ദുരന്തബാധിത കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. സർക്കാർ പട്ടികയിൽ 400ൽപരം കുടുംബങ്ങളാണുള്ളത്.
സർക്കാർ പട്ടികയിൽ ഉൾപ്പെട്ടതിൽ ടൗണ്‍ഷിപ്പിൽ വീട് വേണ്ടെന്നു തീരുമാനിച്ച് 15 ലക്ഷം രൂപ വീതം സഹായധനം കൈപ്പറ്റിയവർക്ക് സ്ഥിരം താമസസൗകര്യം ആകുന്നതുവരെ വീട്ടുവാടക അനുവദിക്കണം. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ മുഴുവൻ കുടുംബങ്ങളും പല രീതിയിൽ ദുരന്തബാധിതരാണ്.
ചുമട്ടുതൊഴിലാളികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, കർഷകത്തൊഴിലാളികൾ തുടങ്ങിയവർക്ക് ദുരന്തമൂലം ഉപജീവനമാർഗം നഷ്ടമായി. ഇവരെയെല്ലാം പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തണം. ഉരുൾപൊട്ടലിനെത്തുടർന്നു ഗതിമാറിയ പുന്നപ്പുഴയിൽ ഒഴുക്ക് നിയന്ത്രിക്കുന്നതിനും തടസങ്ങൾ നീക്കുന്നതിനുമുള്ള പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.