ഇറച്ചിയിൽ പുഴുവിനെകണ്ട സംഭവം : വിൽപ്പന നടത്തിയ സ്റ്റാൾ ആരോഗ്യ വകുപ്പ് അടപ്പിച്ചു
1571989
Tuesday, July 1, 2025 7:58 AM IST
പുൽപ്പള്ളി: പുൽപ്പള്ളി താഴെയങ്ങാടിയിലെ മാർക്കറ്റിൽ നിന്നും പുഴുവരിച്ച പോത്തിറിച്ചി വില്പന നടത്തിയെന്ന പരാതിയെത്തുടർന്ന് ആരോഗ്യ വകുപ്പ് സ്ഥാപനം അടപ്പിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മാർക്കറ്റിൽ പരിശോധന നടത്തിയ ശേഷമാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. മാർക്കറ്റിലെ മറ്റ് സ്ഥാപനങ്ങൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ. പ്രഭാകരൻ, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. മനോജ്, ഫുഡ് സേഫ്റ്റി ഓഫീസർ രേഷ്മ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സത്പ്രിയൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ദേവർഗദ്ദ സ്വദേശി പാലയ്ക്കൽ മനീഷ് ശനിയാഴ്ച രാത്രി മാർക്കറ്റിൽ നിന്ന് വാങ്ങിയ പോത്തിറച്ചി വീട്ടിലെത്തി പാചകം ചെയ്യുന്നതിനായി കഴുകുന്പോഴാണ് ഇറച്ചിയിൽ പുഴുക്കളെ കണ്ടത്.
ഇതേത്തുടർന്ന് വിവരം പഞ്ചായത്തംഗം മണി പാന്പനാലേയും നാട്ടുകാരേയും അറിയിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ മാർക്കറ്റിലേക്ക് മാർച്ച് നടത്തുകയും ആരോപണ വിധേയമായ ഇറച്ചി സ്റ്റാൾ അടച്ചുപൂട്ടിക്കുകയും ചെയ്തിരുന്നു.