കുണ്ടോണി ഉന്നതിയിൽ കുടുംബങ്ങൾക്ക് ദുരിതം
1571272
Sunday, June 29, 2025 5:40 AM IST
ദ്വാരക: എടവക പഞ്ചായത്തിലെ 13-ാം വാർഡിലുള്ള കുണ്ടോണി പട്ടികവർഗ ഉന്നതിയിലെ കുടുംബങ്ങൾ ദുരിതത്തിൽ. മഴ ശക്തമായതോടെ വീടുകളിലെ നിലം വലിയതോതിൽ നനയുന്നതും പെയ്ത്തുവെള്ളം ഉന്നതിയിലേക്ക് കുത്തിയൊലിക്കുന്നതും കുടുംബങ്ങളെ പ്രയാസത്തിലാക്കുകയാണ്. നനവുമൂലം നിലത്ത് പായ വിരിച്ച് ഉറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
ഒന്പത് വീടുകളാണ് കുണ്ടോണി ഉന്നതിയിൽ. കരവയലിനു സമാനമായ സ്ഥലത്താണ് വീടുകൾ നിർമിച്ചിരിക്കുന്നത്. മഴക്കാലത്ത് ഉറവയെടുക്കുന്നതാണ് വീടുകളിലെ നിലത്ത് നനവ് പടരുന്നതിനു കാരണം.
പരിസരങ്ങളിൽനിന്നു മഴവെള്ളം ഉന്നതിയിലേക്ക് ഒഴുകുന്നത് അലോസരം സൃഷ്ടിക്കുകയാണ്. പെയ്ത്തുവെള്ളം ഉന്നതിയിലെത്താതെ തിരിച്ചുവിടുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
സുരക്ഷിത സ്ഥലത്ത് വീടുകൾ ഒരുക്കിയാൽ മാറിത്താമസിക്കാൻ സന്നദ്ധരാണെന്നും അവർ പറയുന്നു. ഉന്നതിയിലെ ചില വീടുകൾ ശോച്യാവസ്ഥയിലാണ്.