മഴ തുടരുന്നത് ജാതി കൃഷിയെ പ്രതിസന്ധിയിലാക്കുന്നു
1571633
Monday, June 30, 2025 5:49 AM IST
സുൽത്താൻ ബത്തേരി: ജില്ലയിൽ മികച്ച വിളവ് നൽകിയിരുന്ന ജാതിക്ക ഈ വർഷം ഉത്പാദനം തീരെ കുറഞ്ഞു. ജില്ലയിലെ ജാതി കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ ആയിരുന്നെങ്കിലും ഇത്തവണ ലഭിച്ച ശക്തമായ മഴകാരണം കടുത്ത പ്രതിസന്ധിയിലാണ് ജില്ലയിലെ ജാതി കർഷകർ. തുടർച്ചയായി കനത്ത മഴ പെയ്തതോടെ ജാതി മരങ്ങളിൽ വെള്ളക്കായ പൊട്ടുന്നതാണ് കർഷകർക്ക് വിനയായത്. ഇത് വരും ദിവസങ്ങളിലെ ഉത്പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്.
മരുന്ന് തളിച്ച് കർഷകർ പ്രതിരോധ മാർഗമൊരുക്കുന്നുവെങ്കിലും വരും ദിവസങ്ങളിലും മഴ തുടർന്നാൽ കൂടുതൽ നാശനഷ്ടമുണ്ടാകും. മേയ് അവസാന വാരം പെയ്ത കനത്തമഴ കാർഷിക മേഖലയിലാകെ വലിയ നഷ്ടം വരുത്തിയിട്ടുണ്ട്.
അധികമായി ലഭിച്ച വേനൽ മഴയ്ക്കു പുറമേ കാലവർഷമെത്തിയതാണ് ജാതിമരങ്ങളിൽ വെള്ളക്കായ പൊട്ടുന്നതിന് കാരണമായത്. മഴയ്ക്കൊപ്പം ശക്തമായി വീശിയ കാറ്റും ജാതി കർഷകർക്ക് നഷ്ടം വരുത്തി. ജാതി കായ്ക്കും പത്രിക്കും മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞാൽ ഉയർന്ന വിലയുടെ പ്രയോജനം കർഷകർക്ക് ലഭിക്കില്ല.