കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മണീന്ദ്രൻ പിള്ള
1571988
Tuesday, July 1, 2025 7:58 AM IST
പുൽപ്പള്ളി: വണ്ടിക്കടവിൽ വീടിനു നേരേ കാട്ടാനയുടെ ആക്രമണം. ഗൃഹനാഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വണ്ടിക്കടവ് പ്ലാമൂട്ടിൽ മണീന്ദ്രൻ പിള്ള (72) യാണ് ചീറിയടുത്ത കാട്ടാനയുടെ മുന്നിൽ നിന്നു തലനാരിഴയ്ക്ക് രക്ഷപെട്ടത്.
ഇന്നലെ പുലർച്ചെ 3.30ഓടെയാണ് സംഭവം. മൂത്രമൊഴിക്കാൻ വീടിനു പുറത്തിറങ്ങിയപ്പാഴാണ് കാട്ടുകൊന്പൻ പാഞ്ഞടുത്തത്. ഉടനെ വിടിനുള്ളിലേക്ക് ഓടിക്കയറി.
പാഞ്ഞുവന്ന ആന വീടിനു മുന്നിൽ കെട്ടിയിരുന്ന ടാർപോളിൻ ഷീറ്റ് വലിച്ചു പറിച്ചു. പിന്നെ മണീന്ദ്രൻ പിള്ളയുടെ കിടപ്പുമുറിയിലെ വെളിച്ചം കണ്ട് അവിടേക്ക് നീങ്ങിയ ആന ജനലിനു നേരേ കുത്തി. മണീന്ദ്രൻ പിള്ളയുടെ നിലവിളി കേട്ട് ആന പിൻമാറുകയായിരുന്നു.
വണ്ടിക്കടവിൽ ഫെൻസിംഗ് സ്ഥാപിച്ചതിന് മുകളിൽ മരം തള്ളിയിട്ട് തൂക്കുവേലി തകർത്ത് നാടുചുറ്റിയ ഒറ്റയാൻ വനത്തിലേക്കു മടങ്ങും വഴിയാണ് വീടും ആക്രമിച്ചത്. പക്ഷാഘാതം പിടിപെട്ട് ഇദ്ദേഹത്തിന്റെ ഭാര്യ ലതിക (65) ഏറെക്കാലമായി വീടിനുള്ളിൽ കിടപ്പാണ്.
ഡെപ്യുട്ടി റേഞ്ച് ഓഫീസർ എ. നിജേഷിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി വണ്ടിക്കടവ് പ്രദേശത്ത് കാട്ടാന കൃഷി നശിപ്പിക്കുന്നത് പതിവായിട്ടും വനംവകുപ്പിന്റെ ഭാഗത്ത്നിന്ന് യാതൊരു നടപടിയുമില്ലെന്നാണ് കർഷകരുടെ പരാതി. അക്രമകാരിയായ ആനയെ പിടികൂടി ഉൾവനത്തിലേക്ക് തുരത്താൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം