സർക്കാർ മെഡിക്കൽ കോളജുകളിലെ ദുരവസ്ഥ : പ്രതിഷേധ സമരം ഇന്ന്
1571983
Tuesday, July 1, 2025 7:57 AM IST
കൽപ്പറ്റ: കേരളത്തിലെ ആരോഗ്യമേഖല ആകെ കുത്തഴിഞ്ഞു കിടക്കുകയാണ്. സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ മെഡിക്കൽ കോളജുകൾക്കുള്ള പദ്ധതി വിഹിതത്തിൽ നിന്നും 146 കോടിയുടെ കടുംവെട്ടാണ് സർക്കാർ നടത്തിയിട്ടുള്ളത്.
മെഡിക്കൽ കോളജുകളുടെ വികസനത്തിനായി 217.4 കോടി രൂപ ബജറ്റിൽ വകയിരുത്തിയപ്പോൾ അനുവദിച്ചത് വെറും 157.37 കോടി രൂപ മാത്രമാണ്. ദന്തൽ കോളജ് വികസനത്തിന് 22.79 കോടി രൂപ വകയിരുത്തിയെങ്കിലും അനുവദിച്ചത് 8.65 കോടിരൂപ മാത്രം. മെഡിക്കൽ കോളജുകളിലെ രോഗീ സൗഹൃദത്തിനായി 5.5 കോടി രൂപ വകയിരുത്തിയതിൽ അനുവദിച്ചത് 4.85 കോടി രൂപ മാത്രമാണ്.
മെഡിക്കൽ കോളജിലെ ഉപകരണങ്ങളുടെ ക്ഷാമവും, ശസ്ത്രക്രിയ പ്രതിസന്ധിയും മുൻകൂട്ടിത്തന്നെ മെഡിക്കൽ കോളജ് അധികൃതർ സർക്കാരിനെ അറിയിച്ചിട്ടും സർക്കാർ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല.
ഉപകരണങ്ങൾ വാങ്ങുവാനുള്ള തുക രോഗികളിൽ നിന്നുതന്നെ നിർബന്ധിച്ച് ഈടാക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിലെ ആരോഗ്യ മേഖല തകർത്ത സർക്കാർ നടപടിയിൽ പ്രധിഷേധിച്ചും ആരോഗ്യ മന്ത്രി രാജിവക്കണമെന്ന് ആവശ്യപ്പെട്ടും ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30ന് മാനന്തവാടി മെഡിക്കൽ കോളജിലേക്ക് നടത്തുന്ന പ്രതിക്ഷേധ സമരത്തിൽ ജില്ലയിലെ എല്ലാ കോണ്ഗ്രസ് പ്രവർത്തകരും പങ്കെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അറിയിച്ചു.