നഞ്ചൻഗോഡ്-നിലന്പൂർ റെയിൽവേ യാഥാർഥ്യമാക്കണം: റിട്ട.പ്രധാനാധ്യാപക സംഗമം
1571635
Monday, June 30, 2025 5:49 AM IST
സുൽത്താൻ ബത്തേരി: നഞ്ചൻഗോഡ്-നിലന്പൂർ റെയിൽവേ യാഥാർഥ്യമാക്കണമെന്ന് മത്തായീസ് ഓഡിറ്റോറിയത്തിൽ ചേർന്ന ഉപജില്ലയിലെ റിട്ട.പ്രധാനാധ്യാപകരുടെ സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.
ദേശീയപാത 766ലെ രാത്രിയാത്രാ വിലക്ക് നീക്കുന്നതിന് കേരള, കർണാടക സർക്കാരുകൾ യോജിച്ചുനീങ്ങുക, ബത്തേരിയിൽ അനുവദിച്ച ഗവ.കോളജ് പ്രവർത്തനം തുടങ്ങുന്നതിന് നടപടി സ്വീകരിക്കുക, ബത്തേരി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുക, കുട്ടികൾ ലഹരി മാഫിയയുടെ പിടിയിൽ അകപ്പെടാതിരിക്കുന്നതിന് പ്രവർത്തനങ്ങൾ ഊർജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
50 ഓളം റിട്ട.അധ്യാപകർ പങ്കെടുത്തു. ശിവദാസൻ മാസ്റ്റർ അനുസ്മരണം, ജീവകാരുണ്യ മേഖലയിൽ വ്യക്തിമുദ്ര പതിച്ച രാധാകൃഷ്ണൻ മാസ്റ്ററെ ആദരിക്കൽ, സമൂഹനൻമയിൽ അധ്യാപകരുടെ പങ്ക് എന്ന വിഷയത്തിൽ സംവാദം എന്നിവ നടന്നു.
ജേക്കബ് ബത്തേരി ഉദ്ഘാടനം ചെയ്തു.ഡോ.ജെ. സുനിൽ അധ്യക്ഷത വഹിച്ചു. ഒ.വി. പവിത്രൻ, സി.പി. സുരേഷ്കുമാർ, റോയി വർഗീസ്, പി.പി. ദാമോദരൻ, എൻ.ടി. ജോർജ്, കെ. സുമ ,ഉഷ ബേബി, സൗദാമിനി, എം.സി. കാർമൽ എന്നിവർ പ്രസംഗിച്ചു.