അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി
1571987
Tuesday, July 1, 2025 7:58 AM IST
കൽപ്പറ്റ: ഉന്നതികൾ കേന്ദ്രീകരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പിന്നാക്ക വിഭാഗക്കാർ സാമൂഹികസാംസ്ക്കാരിക മേഖലകളിൽ ഉന്നമനം കൈവരിക്കുന്പോഴാണ് മുഖ്യധാരയിലെത്തുകയുള്ളുവെന്ന് പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു.
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ തീണ്ണൂർ എസ്സി നഗറിൽ പൂർത്തീകരിച്ച അംബേദ്കർ ഗ്രാമവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. യുവതീയുവാക്കളുടെ നൈപുണി ശേഷി വർധിപ്പിക്കാൻ മാറുന്ന കാലത്തിനൊപ്പം നൂതന സാധ്യതകൾ ഉൾക്കൊണ്ട് വകുപ്പ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഒരു കോടി രൂപ ചെലവഴിച്ചാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതികൾ പൂർത്തിയാക്കിയത്. അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കൾവർട്ട് നിർമാണം, ഇന്റർലോക്ക്, ചുറ്റുമതിൽ, വൈദ്യുതീകരണം തുടങ്ങിയ അടിസ്ഥാനപശ്ചാത്തല വികസനമാണ് നടപ്പാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, വൈസ് പ്രസിഡന്റ് എ.എൻ. ഉസ്മാൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ.ആർ. സരിൻ, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. അസൈനാർ, ഗ്രാമപഞ്ചായത്ത് അംഗം സുമ ഭാസ്കരൻ, ജില്ലാ നിർമിതി കേന്ദ്ര എക്സിക്യുട്ടീവ് സെക്രട്ടറി ഒ.കെ. സജിത്ത്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.