ജോണ്സണ് ഐക്കരയ്ക്ക് നടവയൽ നാട്ടൊരുമയുടെ ആദരം ഇന്ന്
1571018
Saturday, June 28, 2025 5:45 AM IST
നടവയൽ: കേരള സംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ പ്രാഫഷണൽ നാടക മത്സരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്ത ജോണ്സണ് ഐക്കരയെ നാട്ടൊരുമയുടെ നേതൃത്വത്തിൽ ഇന്ന് ആദരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. നടവയലിലെ കലാകായിക-സാഹിത്യ-സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയാണ് നാട്ടൊരുമ. ആദരിക്കുന്നതിനു മുന്നോടിയായി ജോണ്സണ് ടൗണിൽ സ്വീകരണം നൽകും.
പൊതുസമ്മേളനത്തിൽ നാട്ടൊരുമ ചെയർമാൻ ബാബു ചിറപ്പുറം അധ്യക്ഷത വഹിക്കും. സാഹിത്യകാരൻ പി.കെ. പാറക്കടവ് മുഖ്യപ്രഭാഷണം നടത്തും. ബിനു മാങ്കൂട്ടം, ഷാജി എ. ജയിംസ്. വിൻസന്റ് ചേരവേലിൽ തുടങ്ങിയവർ പ്രസംഗിക്കും. ഓർമ ഇന്റർനാഷനൽ നടവയൽ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ ഉണ്ടാകും.
നാടകരംഗത്ത് കാൽ നൂറ്റാണ്ടിലധികമായി സജീവമാണ് നടവയൽ സ്വദേശിയായ ജോണ്സണ്. നടവയലിൽ പ്രവർത്തിച്ചിരുന്ന വയനാട് വൃന്ദാര എന്ന പ്രഫഷണൽ നാടക സമിതിയിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്.
വള്ളുവനാട് ബ്രഹ്മയുടെ ’വാഴ്വേമായം’ എന്ന നാടകത്തിലൂടെയാണ് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. ’പാട്ടുപാടുന്ന വെള്ളായി’ എന്ന നാടകത്തിലൂടെ മികച്ച നടനുള്ള കെസിബിസി അവാർഡും സംഗീത നാടക അക്കാദമിയുടെ സ്പെഷൽ ജൂറി അവാർഡും ലഭിച്ചിട്ടുണ്ട്