പേഴ്സണൽ അസിസ്റ്റന്റ് ലീവിൽ: എയ്ഡഡ് ജീവനക്കാരുടെ ശന്പളം വൈകാൻ സാധ്യത
1571982
Tuesday, July 1, 2025 7:57 AM IST
സുൽത്താൻ ബത്തേരി: അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ജില്ലയിലെ എയ്ഡഡ് ജീവനക്കാരുടെ ശന്പളം വൈകാൻ സാധ്യത. തെക്കൻ ജില്ലയിൽ നിന്ന് ഉദ്യോഗക്കയറ്റം ലഭിച്ച പേഴ്സണൽ അസിസ്റ്റന്റ് ലീവ് എടുത്തതോടെയാണ് വിദ്യാഭ്യാസ ഓഫീസിലെ എയ്ഡഡ് മേഖലയിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചത്.
അധ്യാപകരുടെ സ്ഥലംമാറ്റം വിദ്യാലയ വർഷാരംഭത്തോടുകൂടിയാണ് നടക്കാറുള്ളത്. എന്നാൽ ഇത് സ്പാർക്കിൽ ക്രമീകരിക്കേണ്ടത് അതത് വിദ്യാഭ്യാസ ഓഫീസുകൾ ആണ്. ഇത്തരത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സ്ഥലംമാറ്റം ഇതുവരെയും സ്പാർക്കിൽ ക്രമീകരിക്കപ്പെട്ടിട്ടില്ല. ഇതോടെ ജൂണ്‍ മാസത്തെ ശന്പളം സമയബന്ധിതമായി ലഭിക്കില്ലെന്ന ആശങ്കയിലാണ് ജീവനക്കാർ.
ജീവനക്കാരുടെ ശന്പള പരിഷ്കരണ ബില്ലുകളും പിഎഫ് വായ്പകളും പാസാക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ അസിസ്റ്റന്റിന് താത്കാലിക ചുമതല നൽകി വിഷയം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ സ്ഥലംമാറ്റി പുതിയ ഉത്തരവ് വന്നതോടെ തിരുവനന്തപുരത്തു നിന്നും പുതിയ ആൾ വന്ന ചാർജ് എടുക്കുന്നതുവരെ ജീവനക്കാർ ബുദ്ധിമുട്ടിലാകും.
സ്കൂൾ തുറക്കുന്ന അവസരങ്ങളിൽ ജീവനക്കാരുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്രവർത്തനം താളംതെറ്റിക്കുന്ന രീതിയിലുള്ള അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ക്രമീകരിക്കുന്ന സ്പാർക്ക് സോഫ്റ്റ് വെയറിന്റെ കണ്ട്രോളിംഗ് ഓഫീസറായി എയ്ഡഡ് മേഖലയിലെ പ്രധാന അധ്യാപകരെ ഉയർത്തണമെന്ന് അനധ്യാപക സംഘടന പ്രതിനിധികൾ ആവശ്യപ്പെട്ടു.
സർക്കാർ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുള്ള അതത് മേഖലയിലെ പ്രധാന അധ്യാപകർക്ക് സേവന പുസ്തകം കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം ഉണ്ടെന്നിരിക്കെ സ്പാർക്കിലെ ഡാറ്റ അണ്‍ലോക്ക് ചെയ്യൽ, സ്ഥലംമാറ്റം ക്രമീകരിക്കൽ, ബില്ലുകൾ നേരിട്ട് ട്രഷറിയിലേക്ക് സമർപ്പിക്കൽ തുടങ്ങിയവ ഇപ്പോഴും അതത് വിദ്യാഭ്യാസ ഓഫീസ് മേലധികാരികൾക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നത് വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
സർക്കാർ പ്രധാനാധ്യാപകർക്ക് സ്പാർക്കിൽ നൽകിയിട്ടുള്ള എല്ലാ അവകാശങ്ങളും എയ്ഡഡ് മേഖലയിലെ പ്രധാന അധ്യാപകർക്ക് കൂടി നൽകണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ല യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഷിനോജ് പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. കെ. അഷ്കർ അലി, ഇ.സി. ബിജു, കെ.എൽ. ബിനോയ്, ബിനു പോൾ, എൻ.കെ. ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.