ചുരത്തിലെ മുടിപ്പിൻ വളവുകളിൽ സോളാർ വിളക്ക്: റോട്ടറി പദ്ധതിക്ക് അനുമതിയായില്ല
1571628
Monday, June 30, 2025 5:48 AM IST
സുൽത്താൻ ബത്തേരി: താമരശേരി ചുരത്തിലെ മുടിപ്പിൻ വളവുകളിൽ രണ്ടുവീതം സോളാർ വിളക്കുകൾ സ്വന്തം ചെലവിൽ സ്ഥാപിക്കാൻ റോട്ടറി വയനാട് സമർപ്പിച്ച പദ്ധതിക്ക് നാഷണൽ ഹൈവേ വിഭാഗത്തിന്റെ അനുമതിയായില്ല.
ചുരത്തിലെ ഒന്പത് മുടിപ്പിൻ വളവുകളിലും രാത്രി വെളിച്ചം ഉറപ്പുവരുത്തുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും ഉതകുന്നതാണ് പദ്ധതി. അഞ്ച് ലക്ഷം രൂപയാണ് ഇതിന് കണക്കാക്കിയ ചെലവ്. റോട്ടറി ക്ലബിന് ജില്ലയിൽ ആറ് ശാഖകളുണ്ട്. ചെലവ് ശാഖകൾ സംയുക്തമായി വഹിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്.
ബത്തേരി റോട്ടറി ക്ലബിലെ സണ്ണി വിളക്കുന്നേലാണ് പദ്ധതി ജനുവരി ഒന്നിന് നാഷണൽ ഹൈവേ കോഴിക്കോട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർക്ക് സമർപ്പിച്ചത്. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.
പദ്ധതിക്ക് അനുമതി ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് റോട്ടറി ക്ലബ് അംഗങ്ങൾ പറഞ്ഞു. റോട്ടറി പദ്ധതിയിൽ താത്പര്യമില്ലെങ്കിൽ നാഷണൽ ഹൈവേ വിഭാഗം നേരിട്ട് മുടിപ്പിൻ വളവുകളിൽ വെളിച്ച സൗകര്യം ഒരുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.