സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ പിരിവുകാരെ സർക്കാർ അവഗണിക്കുന്നു
1571016
Saturday, June 28, 2025 5:45 AM IST
കൽപ്പറ്റ: നിക്ഷേപ പിരിവുകാരെ സർക്കാരും സഹകരണ വകുപ്പും അവഗണിക്കുന്നു. ദിന നിക്ഷേപ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ സഹകരണ മേഖലയിൽ എത്തിക്കുന്ന പിരിവുകാരാണ് അവഗണന നേരിടുന്നത്. 25 മുതൽ 45 വർഷം വരെ സർവീസ് ഉണ്ടായിട്ടും പിരിവുകാരെ തസ്തിക നിർണയിച്ച് സ്ഥിരപ്പെടുത്താനും മിനിമം വേതനം, വിരമിക്കൽ ആനുകൂല്യം എന്നിവ നൽകാനും നടപടിയില്ല.
2005ൽ സഹകരണ ശതാബ്ദി വേളയിൽ നിക്ഷേപ പിരിവുകാർ, നീതി സ്റ്റോറുകളിലെ കമ്മീഷൻ ജീവനക്കാർ എന്നിവരെ സ്ഥിരപ്പെടുത്താൻ സർക്കാർ ഉത്തരവായതാണ്. നീതി ജീവനക്കാർക്ക് തസ്തികയും സ്കെയിലും സ്ഥാനക്കയറ്റവും അനുവദിച്ചെങ്കിലും നിക്ഷേപ പിരിവുകാരെ അവഗണിച്ചു.
സർക്കാർ പ്രഖ്യാപിച്ച പരിമിത ആനുകൂല്യങ്ങൾപോലും സാങ്കേതികത്വം മറയാക്കി സ്ഥാപനങ്ങൾ നിഷേധിക്കുകയാണ്. വിരമിച്ചവർക്ക് ആനുകൂല്യം നൽകുന്നതിലും വെട്ടിക്കുറച്ച ക്ഷേമ പെൻഷൻ വിതരണ ഇൻസന്റീവ് പുനഃസ്ഥാപിച്ച് വിതരണം ചെയ്യുന്നതിലും സർക്കാർ നിഷേധ നയം തുടരുകയാണ്.
നിക്ഷേപ പിരിവുകാരുംസഹകരണ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നാളെ രാവിലെ 10ന് കൽപ്പറ്റ സർവീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃസംഗമം ചർച്ച ചെയ്യും.
ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിക്കും.