ചീരാൽ മേഖലയിലെ വന്യമൃഗ ആക്രമണം ശാശ്വത പരിഹാരം വേണമെന്നാവശ്യം
1571271
Sunday, June 29, 2025 5:40 AM IST
സുൽത്താൻ ബത്തേരി: തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന നന്പ്യാർകുന്ന്, പൂളക്കുണ്ട്, നെല്ലൂർ, ചീരാൽ, പഴുർ, നൂൽപ്പുഴ, മുണ്ടക്കൊല്ലി, കഴന്പ് പ്രദേശങ്ങളിലെ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് പഴൂർ സെൻ് ആന്റണീസ് പള്ളി വികാരി ഫാ.ജോസ് മേച്ചേരിൽ, പഴൂർ മഹല്ല് ഖത്വീബ് ജുനൈസ് സഖാഫി,
വ്യാപാരി വ്യവസായി ഏകോപന സമിതി ചീരാൽ യൂണിറ്റ് പ്രസിഡന്റ് കെ.ടി. ഹരീന്ദ്രൻ, ചീരാൽ ലയണ്സ് ക്ലബ് പ്രസിഡന്റ് ജേക്കബ് സി. വർക്കി, ആശ്രയം ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ എം.കെ. ലത്തീഫ്, പഴൂർ ഫുട്ബോൾ അക്കാദമി പ്രതിനിധി ജോണി മുഞ്ഞനാട്ട്, കൃപ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. സനിൽബാബു എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ചീരാലിലും സമീപ പ്രദേശങ്ങളിലും മാസങ്ങളായി വന്യമൃഗശല്യം രൂക്ഷമാണ്. നിരവധി വളർത്തുമൃഗങ്ങളെപുലി പിടിച്ചു. ക്ഷീര കർഷകർ പുലർച്ചെ ഭയത്തോടെയാണ് പാൽ അളവുകേന്ദ്രങ്ങളിൽ പോകുന്നതും വരുന്നതും. രാവിലെ മദ്രസകളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന കുട്ടികളുടെ സ്ഥിതിയും വിഭിന്നമല്ല. കഴിഞ്ഞദിവസം നന്പ്യാർകുന്ന് നരിക്കുനി പറന്പിൽ ഷാജിയുടെ കാർ പോർച്ചിൽ വരെ പുലി എത്തി. ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങൾ വന്യമൃഗങ്ങളെ ഭയന്ന് നേരത്തേ അടയ്ക്കേണ്ട അവസ്ഥയാണ്.
അതീവ ഗുരുതരമാണ് സാഹചര്യം. ഇത് മനസിലാക്കി വനം അധികാരികൾ ഉണർന്നു പ്രവർത്തിക്കണം. വനത്തിനടുത്തുള്ള പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണം. രാത്രി പട്രോളിംഗ് നടത്തണം. ചീരാൽ പ്രദേശത്തെ മുത്തങ്ങ റേഞ്ചിൽനിന്നു മാറ്റി മേപ്പാടി റേഞ്ചിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കണം. ചീരാലിനു സമീപമുള്ള ഫോറസ്റ്റ് സ്റ്റേഷനിൽ പരാതിയുമായി ചെല്ലുന്പോൾ സ്ഥലം മേപ്പാടി ഫോറസ്റ്റ് സെക്ഷൻ പരിധിയിലാണെന്നു പറഞ്ഞു ഉദ്യോഗസ്ഥർ കൈയൊഴിയുകയാണ്. ഈ സ്ഥിതി തുടർന്നാൽ അതിജീവന പ്രക്ഷോഭത്തിനു ജനം നിർബന്ധിതരാകുമെന്ന് ഫാ.ജോസ് മേച്ചേരിലും മറ്റും പറഞ്ഞു.
ചീരാൽ പൂളക്കുണ്ടിൽ പുലി ആക്രമണത്തിൽ പശുക്കുട്ടിക്ക് പരിക്കേറ്റു. ആലഞ്ചേരി ഉമ്മറിന്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആഴ്ചകളായി ചീരാവിലും സമീപങ്ങളിലും പുലി സാന്നിധ്യമുണ്ട്. ഇതിനകം 12 വളർത്തുജീവികളെയാണ് പുലി കൊന്നത്. പുലിയെ പിടിക്കാൻ വനം അധികൃതർ വിവിധ സ്ഥലങ്ങളിൽ കൂട് വച്ചെങ്കിലും ഫലം ചെയ്യുന്നില്ല.
റോഡിൽ പുള്ളിപ്പുലി
ഗൂഡല്ലൂർ: അയ്യംകൊല്ലി-കയ്യൂന്നി പാതയിൽ പുള്ളിപ്പുലിയെത്തി. കഴിഞ്ഞ ദിവസം പകലാണ് ജനവാസ കേന്ദ്രത്തിനു സമീപം പുലി റോഡിലുടെ നടന്നുനീങ്ങിയത്. ഈ സമയം
എതിർദിശയിൽനിന്നുവന്ന സ്കൂട്ടർ യാത്രികൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. പുലിയുടെ നടപ്പ് യാത്രക്കാരിൽ ചിലർ മൊബൈൽ ഫോണ് കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽപോസ്റ്റ് ചെയ്തത് വൈറലായി. കുറച്ചുദൂരം റോഡിലൂടെ നടന്നശേഷമാണ് പുലി കുറ്റിക്കാട്ടിൽ മറഞ്ഞത്.
അന്പലമൂല, അയ്യംകൊല്ലി, വാലാട്ട് മേഖലയിൽ ചുറ്റിത്തിരിയുന്ന പ്രായംചെന്ന പുള്ളിപ്പുലിയാണ് ഇതെന്നു കരുതുന്നതായി നാട്ടുകാർ പറഞ്ഞു. പുലി വനസേനയുടെ നിരീക്ഷണത്തിലാണ്.
പുലി വിശ്രമത്തിന് കണ്ടെത്തിയത് കാർ പോർച്ച്
സുൽത്താൻ ബത്തേരി: ജനവാസകേന്ദ്രത്തിലെത്തിയ പുലി വിശ്രമത്തിനു കണ്ടെത്തിയത് കാർ പോർച്ച്. നന്പ്യാർകുന്നിനു സമീപം നരികൊല്ലി പറന്പിൽ ഷാജിയുടെ കാർ പോർച്ചിലായിരുന്നു പുലിയുടെ വിശ്രമം. വെള്ളിയാഴ്ച രാത്രിയാണ് കാർപോർച്ചിൽ പുലി കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒച്ചയിട്ടപ്പോഴാണ് പുലി വീട്ടുവളപ്പിൽനിന്നു പോയത്. നരികൊല്ലിയിൽ പകൽ പുലി റോഡിലൂടെ നടക്കുന്നത് വാഹനയാത്രക്കാരടക്കം കണ്ടിരുന്നു.
കാട്ടുപന്നി ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
അന്പലവയൽ: കാട്ടുപന്നി ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. അടിവാരം അന്പലക്കുന്ന് ഉന്നതിയിലെ കുമാരൻ, കരിയംകാട്ടിൽ അനസൂയ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒന്പതരയോടെയാണ് സംഭവം.
നടന്നുപോകുകയായിരുന്ന അനസൂയയ്ക്കുനേരേ പന്നി പാഞ്ഞടുക്കുകയായിരുന്നു. അവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കുമാരന് പരിക്കേറ്റത്. ഇരുവരും ചികിത്സ നേടി.
വീടിനുനേരേ കാട്ടാന ആക്രമണം
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി മുത്തുമാരിയിൽ വീടിനുനേരേ കാട്ടാന ആക്രമണം.
ചാരോലി സരോജിനിയുടെ വീടിനുനേരേയായിരുന്നു ആനയുടെ പരാക്രമം. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീടിന്റെ പിൻഭാഗത്ത് മേൽക്കൂരയിലെ പട്ടികയും ഓടും ഉൾപ്പെടെ തകർന്നു.