നൈപുണി വികസന കേന്ദ്രം, സ്കിൽ ടു വെഞ്ചർ ജില്ലാതല ഉദ്ഘാടനം ഇന്ന്
1571626
Monday, June 30, 2025 5:48 AM IST
കൽപ്പറ്റ: അന്പലവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയാരവം-2കെ25 ഇന്ന് നടത്തും. നൈപുണി വികസന കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം, സ്കിൽ ടു വെഞ്ചർ പദ്ധതി ജില്ലാതല ഉദ്ഘാടനം, സ്കൂളിലെ മൂന്നാം ബാച്ച് എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്,
കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ വിദ്യാലയത്തിന് 100 ശതമാനം വിജയം നേടിക്കൊടുത്ത വിദ്യാർഥികളെ ആദരിക്കൽ എന്നിവ പരിപാടിയുടെ ഭാഗമാണെന്ന് പ്രിൻസിപ്പൽ സി.വി. നാസർ, എസ്എസ്കെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ വി. അനിൽകുമാർ, പിടിഎ പ്രസിഡന്റ് ഇ.കെ. ജോണി, സംഘാടക സമിതി ഭാരവാഹികളായ പ്രമോദ് ബാലകൃഷ്ണൻ, പി.ആർ. വിനേഷ്, എൽദോ പൈലി എന്നിവർ അറിയിച്ചു.
രാവിലെ 11.30ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യാതിഥിയാകും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, വൈസ് പ്രസിഡന്റ് കെ. ഷമീർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സുരേഷ് താളൂർ തുടങ്ങിയവർ പങ്കെടുക്കും.
242 വിദ്യാർഥികളാണ് കഴിഞ്ഞ അധ്യയനവർഷം സ്കൂളിൽ എസ്എസ്എൽസി എഴുതിയത്. മുഴുവൻ പേരും പാസായി. ഇതിൽ 64 കുട്ടികൾ പട്ടികവർഗക്കാരാണ്. 15നും 23നും ഇടയിൽ വയസുള്ളവർക്ക് അഭിരുചിക്കനുസരിച്ച് സ്വയംതൊഴിൽ പരിശീലനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് എസ്എസ്കെ മുഖേന സ്റ്റാർസ് പദ്ധതിയിൽ ആരംഭിക്കുന്നതാണ് നൈപുണി വികസന കേന്ദ്രങ്ങൾ.
ജില്ലയിൽ ഏഴ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് ഇത് തുടങ്ങുന്നത്. ഓരോ സെന്ററിലും പരമാവധി ഒരു വർഷം കാലാവധിയുള്ള രണ്ട് നൂതന കോഴ്സുകൾ നടത്തും. പ്ലാന്റ് ടിഷ്യു കൾച്ചർ, ഗ്രാഫിക് ഡിസൈനർ കോഴ്സുകളാണ് അന്പലവയലിൽ നടത്തുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കും.
വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വരുമാനം നേടാനും പിന്നീട് സംരംഭകരാകാനും വിഭാവനം ചെയ്തതാണ് സ്കിൽ ടു വെഞ്ചർ പദ്ധതി. പ്രദേശിക സംരംഭകരുടെ പിന്തുണയോടെയാണിത് നടപ്പാക്കുന്നത്. മുണ്ടേരി ഗവ.വൊക്കഷണൽ ഹയർ സെക്കൻഡറി സ്കൂളിനെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.