വ്യക്തികൾ സമൂഹനിർമിതിയിൽ കരുണയുടെ മുഖങ്ങളാകണം: ബിഷപ് ഡോ. ജോസഫ് മാർ തോമസ്
1570743
Friday, June 27, 2025 5:42 AM IST
കൽപ്പറ്റ: വ്യക്തികൾ സമൂഹനിർമിതിയിൽ കരുണയുടെ മുഖങ്ങളാകണമെന്ന് ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ്. ബത്തേരി രൂപത ദിനാഘാഷത്തിന്റെ ഭാഗമായി മുണ്ടേരിയിൽ സംഘടിപ്പിച്ച മേഖലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്.
ഒരു സഭയായി വളരുന്നതിനൊപ്പം ഇതര സഭാസമൂഹങ്ങളോടും നാനാജാതി മതസ്ഥരായ ഏവരോടും സഹവർത്തിത്തവും സഹാനുഭൂതിയും പ്രകടിപ്പിക്കണം. ഭൂരഹിതർക്ക് ഭൂമിയും ഭവനരഹിതർക്ക് വീടും നൽകുന്ന പദ്ധതി വ്യാപിപ്പിക്കേണ്ടതുണ്ട്. ഇതിനകം പദ്ധതിയിൽ 100ലധികം ഭവനങ്ങൾ നിർമിച്ച് കൈമാറാൻ കഴിഞ്ഞത് ശ്രദ്ധേയമാണെന്നും ബിഷപ് പറഞ്ഞു. പിതാവിന്റെ നാമഹേതുക തിരുനാൾ സംഗമത്തിൽ ആഘോഷിച്ചു.
മേഖലാ പ്രോട്ടോ വികാരിയും എപ്പിസ്കോപ്പൽ വികാരിയുമായ ഫാ. റോയി വലിയപറന്പിൽ അധ്യക്ഷത വഹിച്ചു. മുഖ്യ വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ കീപ്പള്ളി പ്രസംഗിച്ചു. ഫാ. ചാക്കോ വെള്ളംചാലിൽ, ഫാ. ചാക്കോ മാടവന, നിത മത്തായി, പോൾ ബത്തേരി എന്നിവർ പിതാവിന് നാമഹേതുക തിരുനാൾ ആശംസ നേർന്നു.
മേഖലയിലെ വൈദികർ, കന്യാസ്ത്രീകൾ, അല്മായ നേതാക്കൾ എന്നിവർ നേതൃത്വം നൽകി. അജപാലന സമിതി സെക്രട്ടറി എൽദോസ് കാര്യംപാടി നന്ദി പറഞ്ഞു.