ജില്ലയിൽ 6943 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ
1571006
Saturday, June 28, 2025 5:41 AM IST
406.80 കോടി രൂപയുടെ നിക്ഷേപവും 43,530 ആളുകൾക്ക് തൊഴിലും ലഭിച്ചു
കൽപ്പറ്റ: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) 6943 എണ്ണം ജില്ലയിൽ പ്രവർത്തിക്കുന്നതിലൂടെ 406.80 കോടി രൂപയുടെ നിക്ഷേപവും 43,530 ആളുകൾക്ക് തൊഴിലും ലഭ്യമായി. സംരംഭങ്ങൾ വളർത്തിയെടുക്കാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ജില്ലയിലെന്നും ഓണ്‍ലൈൻ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി മുന്നോട്ടു വരുന്ന യുവതീയുവാക്കൾക്ക് കൃത്യമായ മാർഗദർശനം നൽകേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു.
ലോക ബാങ്ക് സഹകരണത്തോടെ വ്യവസായ വാണിജ്യ വകുപ്പ് മുട്ടിൽ ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര എംഎസ്എംഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടർ.
വ്യവസായ വികസനത്തിന് വലിയ മാറ്റങ്ങൾ സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും വിവിധ പദ്ധതികളിലൂടെ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ സംരംഭകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു.
ജില്ലയിൽ നിലവിൽ രണ്ട് പരന്പരാഗത വ്യവസായ സംരംഭങ്ങളാണുള്ളത്. കളിമണ്‍ പാത്ര നിർമാണ യൂണിറ്റുകളും നെയ്ത്ത് യൂണിറ്റുകളും. ചുണ്ടയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കിൻഫ്ര വ്യവസായ പാർക്കിൽ 29 സംരംഭങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ഡി. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ലീഡ് ഡിസ്ട്രിക്ട് മാനേജർ ടി.എം. മുരളീധരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, കഐസ്എസ്ഐഎ ജില്ലാ സെക്രട്ടറി മാത്യു തോമസ്, ഡെപ്യൂട്ടി രജിസ്ട്രാർ പി.എസ്. കലാവതി, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ പി. കുമാർ, താലൂക്ക് വ്യവസായ ഓഫീസർ എൻ. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.
വ്യവസായ മേഖലയിൽ സമഗ്ര സംഭാവന നൽകിയ ജില്ലയിലെ മുതിർന്ന സംരംഭകനായ ഡോ.വി. സത്യാനന്ദൻ നായർ, യുവസംരംഭകനായ അലൻ റിൻടോൾ, സംസ്ഥാന കരകൗശല അവാർഡ് ജേതാവ് സി.പി. ശശികല, ജില്ലാ കരകൗശല വിദഗ്ധനായ ഷാജി മുന്തിയാനിപുരം, സി. ശ്രീജിത്, കിഷോർ ബാബു, പി. ജയാംബിക എന്നിവരെ കളക്ടർ ആദരിച്ചു.