കല്ലൂർ പുഴയിൽ ജലനിരപ്പ് ഉയരുന്നു: കുടുംബങ്ങൾ ആശങ്കയിൽ
1570740
Friday, June 27, 2025 5:42 AM IST
സുൽത്താൻ ബത്തേരി: വൃഷ്ടിപ്രദേശങ്ങളിലെല്ലാം ശക്തമായ മഴതുടരുന്നതിനാൽ നൂൽപ്പുഴ പഞ്ചായത്തിലെ പ്രധാന പുഴകളിലൊന്നായ കല്ലൂർപുഴയിൽ ജലനിരപ്പ് ഉയരുകയാണ്. ഇതോടെ പുഴയോരത്തെ കുടുംബങ്ങളും പുഴയോട് ചേർന്ന് കൃഷിയിടങ്ങളുമുള്ള കർഷകരും ആശങ്കയിലാണ്.
പുഴയിൽ ഇനിയും വെള്ളമുയർന്നാൽ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്ക് കയറാനും കാരണമാകും. ഇതോടെ കുടുംബങ്ങൾക്ക് ക്യാന്പുകളിലേക്ക് മാറേണ്ടിവരും. നഞ്ചകൃഷിക്ക് ഞാറ്റടികൾ തയാറാക്കാനായി വിത്ത് വിതച്ച വയലുകളിൽ വെള്ളംകയറാനും വിത്തുകൾ നശിക്കാനും കാരണമാകുമെന്ന ആങ്കയിലുമാണ് കർഷകർ.
ബത്തേരി മേഖലയിൽ കഴിഞ്ഞദിവസംമുതൽ ഇവിടങ്ങളിലെല്ലാം ശക്തമായമഴയാണ് പെയ്യുന്നത്. കഴിഞ്ഞമാസം അവസാനം പുഴയിൽ വെള്ളമുയരുകയും ഓരങ്ങളിലെ നിരവധി കുടുംബങ്ങളെ ക്യാന്പുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പുഴംകുനി, തോളായി, താത്തൂര്‍ ചെണ്ടക്കുനി അടക്കമുള്ള ഉന്നതികളിലെ മുപ്പതോളം കുടുംബങ്ങളെയാണ് അന്ന് ക്യാന്പുകളിലേക്ക് മാറ്റിയത്.
ഉന്നതിയിലേക്ക് വെള്ളംകയറുന്ന സാഹചര്യമുണ്ടായാൽ ഇവരെ ക്യാന്പുകളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിൽ തകർന്നു. ബത്തേരി തൊടുവട്ടി പുള്ളോലിക്കൽ സാജന്റെ വീടിന്റെ പിൻവശത്തെ ചുറ്റുമതിലാണ് തകർന്നത്. ഇന്നലെ രാവിലെ വലിയ ശബ്ദത്തോടെയാണ് മതിൽ തകർന്നത്.
സമീപത്തെ വീടിനോട് ചേർന്നുള്ള ഷെഡിന്റെ ഭിത്തിയിൽ തങ്ങിനിൽക്കുകയാണ് ഇടിഞ്ഞ ചുറ്റുമതിൽ. മതിൽ തകർന്നതോടെ സാജന്റെ വീടും അപകടാവസ്ഥയിലാണ്.