ഓവുചാലുകൾ പേരിനു മാത്രം: തരുവണ അങ്ങാടിയിൽ വെള്ളക്കെട്ട്
1571007
Saturday, June 28, 2025 5:41 AM IST
തരുവണ: തരുവണ - പടിഞ്ഞാറത്തറ റോഡിൽ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്നതിന് അടിയന്തര പരിഹാരം കാണണമെന്ന് പാലിയാണ പൗരസമിതി അധികൃതരോട് ആവശ്യപ്പെട്ടു. ഓവുചാലുകളുടെ അഭാവവും പേരിനു മാത്രമുള്ള ഓവുചാലുകളിൽ മാലിന്യം അടിഞ്ഞു കൂടിയതും കാരണമാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്.
തരുവണയിൽ നിന്നും കക്കടവിലേക്കും കരിങ്ങാരിയിലേക്കുമുള്ള റോഡിലൂടെ വെള്ളം ഒഴുകിയെത്തിയാണ് അങ്ങാടിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത്. ഇതുമൂലം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പ്രയാസം ഉണ്ടാകുന്നുണ്ട്.
തരുവണ - കരിങ്ങാരി - കക്കടവ് - മഴുവന്നൂർകയറ്റം റോഡിന്റെ ഒരു ഭാഗത്ത് ഓട നിർമിച്ചിട്ടുണ്ടെങ്കിലും, മറുഭാഗത്ത് ചാലുകൾ ഇല്ലാത്തതും ഉള്ള ചാലുകൾ മാലിന്യം നിറഞ്ഞു അടഞ്ഞതും റോഡിലൂടെ വെള്ളം കുത്തിയൊലിച്ചു എത്തുന്നതിന് ഇടയാക്കുന്നു.
മേൽപ്പറഞ്ഞ റോഡ് പടിഞ്ഞാറത്തറ റോഡിനോട് ചേരുന്ന ഭാഗത്ത് കലുങ്ക് നിർമിച്ച് വെള്ളം തിരിച്ചു വിട്ടാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകൂ. തരുവണയിൽ നിന്നും കക്കടവ് പാലം വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്തിൽ നീർച്ചാലുകളുടെ അഭാവം നിമിത്തം റോഡ് പൂർണമായി തകർന്നു.
പ്രധാന റോഡിൽ നിന്നും നീർച്ചാലുകൾ അടച്ച് പോക്കറ്റ് റോഡുകൾ തീർക്കുന്നതും റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു. ഗ്രാമപഞ്ചായത്ത് അധികൃതർ ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.