കോണ്ഗ്രസ് മെഡിക്കൽ കോളജ് ആശുപത്രി മാർച്ച് നടത്തി
1572213
Wednesday, July 2, 2025 5:54 AM IST
മാനന്തവാടി: ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ആരോഗ്യമേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പാർട്ടി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തതനുസരിച്ചായിരുന്നു സമരം.
പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ ആശുപത്രി പരിസരത്ത് പ്രവേശിച്ചത് കുറച്ചുനേരം സംഘർഷത്തിനു കാരണമായി. രംഗം ശാന്തമായശേഷം നടന്ന യോഗം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സർക്കാർ ആരോഗ്യ മേഖലയെ മരണക്കിടക്കയിലാക്കിയെന്നും ആവശ്യത്തിന് ഉപകരണങ്ങളും മരുന്നും ഇല്ലാതെ രോഗികൾക്കു മുന്പിൽ ഡോക്ടർമാർ നിസഹായരായി നിൽക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എ.എം. നിഷാന്ത്, സംഷാദ് മരയ്ക്കാർ, പി.കെ. ജയലക്ഷ്മി, അഡ്വ.എൻ.കെ. വർഗീസ്, ടി.ജെ. ഐസക്, കെ.എൽ. പൗലോസ്, ഒ.വി. അപ്പച്ചൻ, എം.ജി. ബിജു, പി.വി. ജോർജ്, കെ.ഇ. വിനയൻ, എച്ച്.ബി. പ്രദീപ്, പി.പി. ആലി, സുനിൽ ആലക്കൽ എന്നിവർ പ്രസംഗിച്ചു.