യുപി വിഭാഗത്തിൽ സ്ഥിര നിയമനം : എസ്എസ്കെ ആസ്ഥാനത്ത് സ്പെഷലിസ്റ്റ് അധ്യാപകരുടെ സമരം ഇന്ന്
1572200
Wednesday, July 2, 2025 5:45 AM IST
കൽപ്പറ്റ: വിദ്യാലയങ്ങളിൽ യുപി വിഭാഗത്തിൽ സ്ഥിരനിയമനവും സമയബന്ധിത ശന്പള വിതരണവും ആവശ്യപ്പെട്ട് തിരുവനന്തപുരം എസ്എസ്കെ ആസ്ഥാനത്ത് സ്പെഷലിസ്റ്റ് അധ്യാപകരുടെ സമരം ഇന്ന്. കേരള സ്റ്റേറ്റ് സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം. എസ്എസ്കെ സ്റ്റാഫും സമരത്തിൽ പങ്കെടുക്കും.
കല, കായികം, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 2,000 ഓളം സ്പെഷലിസ്റ്റ് അധ്യാപകരാണ് നിലവിൽ. ഇവരിൽ 90 ശതമാനത്തിനു പിഎസ്സി മുഖേന അധ്യാപക നിയമനത്തിന് അപേക്ഷിക്കുന്നതിന് പ്രായപരിധി കഴിഞ്ഞു.
വിധവകളും അംഗപരിമിതരും അധ്യാപകർക്കിടയിലുണ്ട്. ഈ സാഹചര്യത്തിലാണ് യുപി വിഭാഗത്തിൽ സ്ഥിര നിയമനം തേടിയുള്ള സമരം. കേന്ദ്ര വിഹിതം കിട്ടാതെ രണ്ടു മാസമായി ശന്പളം മുടങ്ങിയതും സമരത്തിനു പ്രേരണയായി.
2011-12 അധ്യയനവർഷം മുതൽ രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും കല, കായിക, പ്രവൃത്തിപരിചയ അധ്യാപകരെ നിയമിക്കാൻ സുപ്രീംകോടതി ഉത്തരവായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി ആന്ധ്രപ്രദേശിലെ ഒരു വിദ്യാർഥി ഫയൽ ചെയ്ത കേസിലായിരുന്നു സുപ്രീം കോടതി വിധി. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നിർദേശിച്ചതനുസരിച്ച് 2016ൽ സംസ്ഥാന സർക്കാർ 2,600 സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിച്ചു.
60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ചേർത്ത് 28,500 രൂപയായിരുന്നു ഇവർക്ക് മാസ ശന്പളം. രണ്ടു വർഷത്തിനുശേഷം കേന്ദ്രവിഹിതം വെട്ടിക്കുറച്ചു. ഇതോടെ ശന്പളം 7,000 രൂപയായി കുറഞ്ഞു. കഷ്ടത്തിലായ സ്പെഷലിസ്റ്റ് അധ്യാപകർ നിവേദനം നൽകിയതിനെത്തുടർന്ന് സംസ്ഥാന സർക്കാർ ശന്പളം 14,000 രൂപയായി ഉയർത്തി. ഈ തുക ജീവിക്കാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിൽ 600 ഓളം പേർ ജോലിയിൽനിന്നു പിരിഞ്ഞു.
മൂന്നു മാസം മുന്പ് ആരംഭിച്ചതാണ് ശന്പള പ്രതിസന്ധി. അധ്യാപകരുടെ നിവേദനം കണക്കിലെടുത്ത് ഏപ്രിലിലെ ശന്പളം പൊതുഖജനാവിൽനിന്നാണ് നൽകിയത്. മെയിലെ ശന്പളം കുടിശികയാണ്.
ജൂണിലെ ശന്പള വിതരണം അനിശ്ചിതത്വത്തിലാണ്. എസ്എസ്കെ സ്റ്റാഫിനും രണ്ടുമാസമായി ശന്പളം കിട്ടുന്നില്ല. കേന്ദ്ര ഫണ്ടിന്റെ അഭാവത്തിൽ സംസ്ഥാനത്ത് എസ്എസ്കെ പ്രവർത്തനം നിലയ്ക്കുന്ന സ്ഥിതിയാണുള്ളതെന്ന് സ്പെഷലിസ്റ്റ് അധ്യാപക യൂണിയൻ നേതാക്കൾ പറഞ്ഞു.