താളൂർ ബസ് സ്റ്റാൻഡിൽ തമിഴ്നാടിന്റെ ബോർഡ്: എംഎൽഎമാർ ചർച്ച നടത്തി
1572218
Wednesday, July 2, 2025 5:54 AM IST
സുൽത്താൻബത്തേരി: നെൻമേനി പഞ്ചായത്ത് പരിധിയിലെ താളൂർ ബസ് സ്റ്റാൻഡിലെ തമിഴ്നാട് ബോർഡുകൾ മാറ്റുന്നത് സംബന്ധിച്ച് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും ഗൂഡല്ലൂർ എംഎൽഎ പൊൻജയശീലനും താളൂരിൽ ചർച്ച നടത്തി.
നെൻമേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ സുജാത ഹരിദാസ്, ജയ മുരളി, വി.ടി. ബേബി, അംഗങ്ങളായ കെ.വി. ശശി, ഉഷ വേലായുധൻ, തഹസിൽദാർമാരായ എം.എസ്. ശിവദാസൻ, സുരാജ് നിഷ, രാഷ്ട്രീയപ്പാർട്ടി നേതാക്കളായ കെ.കെ. പോൾസൻ, മൊയ്തീൻ കരടിപ്പാറ, ഷാജി ചുള്ളിയോട്, രാജേഷ് നന്പിച്ചാൻകുടി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.
ബത്തേരി എംഎൽഎയുടെ ആസ്തി വികസന നിധിയിൽനിന്നു താളൂർ ബസ്സ്റ്റാൻഡ് നിർമാണത്തിന് 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രവൃത്തി ആരംഭിക്കാൻ കരാറുകാരൻ എത്തിയപ്പോളാണ് ബോർഡ് പ്രശ്നം ഉടലെടുത്തത്. തമിഴ്നാട് സർക്കാർ ദശകങ്ങൾ മുന്പ് സ്ഥാപിച്ച രണ്ട് ബോർഡുകൾ സ്ഥലത്തുണ്ട്.
ഈ ബോർഡുകൾ നീക്കം ചെയ്യുകയോ മാറ്റാൻ അനുമതി ലഭ്യമാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചേരന്പാടി പഞ്ചായത്ത്, ഗൂഡല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർക്ക് നെൻമേനി പഞ്ചായത്ത് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ഇതേത്തുടർന്ന് നെൻമേനി പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്താണ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഹാളിൽ ചർച്ച സംഘടിപ്പിച്ചത്. വിഷയം വയനാട്, നീലഗിരി ജില്ലാ കളക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്താനും എത്രയും വേഗം പരിഹരിക്കാനും ചർച്ചയിൽ തീരുമാനമായി.