വയനാട് ചീരാലിൽ ഭീതിപരത്തിയ പുലി കൂട്ടിലായി
1572172
Wednesday, July 2, 2025 4:53 AM IST
സുൽത്താൻ ബത്തേരി: വയനാട്ടിലെ ബത്തേരി താലൂക്കിൽപ്പെട്ട ചീരാലിലും സമീപങ്ങളിലും ഭീതി പരത്തിയ പുലി കൂട്ടിലായി. ഇന്നലെ പുലർച്ചെ നാലോടെയാണ് നന്പ്യാർകുന്ന് കല്ലൂർ ശ്മശാനത്തിനു സമീപം സ്വകാര്യ ഭൂമിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ നാല് വയസ് മതിക്കുന്ന ആണ് പുലി കുടുങ്ങിയത്.
പാൽ അളവുകേന്ദ്രത്തിലേക്കു പോയ ക്ഷീര കർഷകരാണ് കൂട്ടിൽ അകപ്പെട്ട നിലയിൽ പുലിയെ ആദ്യം കണ്ടത്. വിവരം അറിഞ്ഞയുടൻ മുത്തങ്ങ, മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസുകളിൽനിന്നു വനപാലകരും നൂൽപ്പുഴയിൽനിന്നു പോലീസും നന്പ്യാർകുന്നിലെത്തി. നൂറുകണക്കിനാളുകളും സ്ഥലത്ത് തടിച്ചുകൂടി.
രാവിലെ ഏഴരയോടെ പുലിയെ കുപ്പാടി പച്ചാടിയിൽ വനം വകുപ്പിനു അധീനതയിലുള്ള അനിമൽ ഹോസ്പീസിലേക്ക് മാറ്റി. ഒറ്റനോട്ടത്തിൽ പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വനം അധികൃതർ പറഞ്ഞു.
രണ്ട് മാസമായി ജനവാസകേന്ദ്രങ്ങളിൽ ചുറ്റിത്തിരിയുന്ന പുലി കൂട്ടിലായത് ജനങ്ങൾക്കും വനസേനയ്ക്കും ആശ്വാസമായി. പശവും ആടും ഉൾപ്പെടെ 12 വളർത്തുജീവികളെയാണ് ഇതിനകം പുലി ആക്രമിച്ചത്. ഇതിൽ ആറെണ്ണം ചത്തു. നന്പ്യാർകുന്ന്, സേവാശ്രമം, ചീരാൽ, കരിങ്കാളി, വെള്ളച്ചാൽ, ആർത്തവയൽ, കല്ലൂർ, ആശാരിപ്പടി, പണിക്കരുപടി തുടങ്ങിയ പ്രദേശങ്ങളിവായമ് വളർത്തുമൃഗങ്ങളെ പുലി പിടിച്ചത്.
കഴിഞ്ഞ 15ന് നന്പ്യാർകുന്ന് പാറക്കൊഴുപ്പ് പീതാംബരന്റെ രണ്ട് ആടിനെയും മുക്കുപുര കൃഷ്ണന്റെ പശുക്കിടാവിനെയും പുലി ആക്രമിച്ചു. ആടുകളിൽ ഒന്നു ചത്തു. ഈ ആടിന്റെ ജഡം ഇരയാക്കിയാണ് കല്ലൂർ ശ്മശാനത്തിന് സമീപം കൂട് സ്ഥാപിച്ചത്. പുലിയ പിടിക്കുന്നതിന് നാല് കുടുകളാണ് വച്ചത്. ഇതിലൊന്ന് നന്പ്യാർകുന്നിനു കുറച്ചകലെ പൂളക്കുണ്ടിൽ തമിഴ്നാട് വനസേന സ്ഥാപിച്ചതാണ്.
തമിഴ്നാട്ടിലെ നീലഗിരി ജില്ലയുമായി അതിരുപങ്കിടുന്നതാണ് നന്പ്യാർകുന്നും അടുത്തുള്ള പ്രദേശങ്ങളും. പുലിയെ ഉൾവനത്തിൽ തുറന്നുവിടുമോ മൃഗശാലയിലേക്ക് മാറ്റുമോ എന്നതിൽ വ്യക്തതയായില്ല. പുലിയെ മൃഗശാലയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നാണ് ചീരാലിലും സമീപങ്ങളിലുള്ള ജനങ്ങളുടെ അഭിപ്രായം.