ലൈഫ് പദ്ധതി: വയനാട്ടിൽ 26,235 വീടുകൾ നിർമിച്ചു
1572207
Wednesday, July 2, 2025 5:45 AM IST
കൽപ്പറ്റ: ലൈഫ് പദ്ധതിയിൽ വയനാട്ടിൽ 26,235 വീടുകൾ നിർമിച്ചു. ഇത് ലക്ഷ്യമിട്ടതിന്റെ 81.17 ശതമാനമാണ്. നിർമാണം പൂർത്തിയായ ആകെ വീടുകളുടെ എണ്ണം സെപ്റ്റംബറോടെ 26,702 ആകും. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചതാണ് വിവരം.
വീട് വയ്ക്കാൻ ഇടം ഇല്ലാത്തവർക്ക് ജനം സ്വമേധയാ ഭൂമി നൽകുന്ന ’മനസോടിത്തിരി മണ്ണ്’ പദ്ധതിയിൽ വയനാട്ടിൽ വാഗ്ദാനം ലഭിച്ച 100 ശതമാനം ഭൂമിയും സർക്കാരിലേക്ക് രജിസ്റ്റർ ചെയ്തു. 1.25 ഏക്കർ ഭൂമിയാണ് സുമനസുകൾ നൽകിയത്. ഈ ഭൂമി ലൈഫ് മിഷനിൽ ഭവന നിർമാണത്തിന് പ്രയോജനപ്പെടുത്തും.
ജില്ലയിലെ 98 ശതമാനം വിദ്യാലയങ്ങളിൽ ജൈവമാലിന്യ സംസ്കരണത്തിനും 99 ശതമാനം സ്കൂളുകളിൽ അജൈവമാലിന്യ സംസ്കരണത്തിനും 249 സ്കൂളുകളിൽ (89 ശതമാനം ഇ മാലിന്യ പരിപാലനത്തിനും സംവിധാനമുണ്ടെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 100 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജല ബജറ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.