അവശനിലയില്‍ ജനവാസ മേഖലയില്‍ ചുറ്റിത്തിരിഞ്ഞ പുലിയെ കൂടുവച്ച് പിടിച്ചു
1572174
Wednesday, July 2, 2025 4:53 AM IST
ഗൂഡല്ലൂര്‍: അവശനിലയില്‍ ബിദര്‍ക്കാട് വനമേഖലയിലെ നരികൊല്ലിയിലും സമീപങ്ങൡലും ചുറ്റിത്തിരിഞ്ഞ പുലിയെ വനസേന കൂടുവച്ച് പിടിച്ചു. നരികൊല്ലി വാളാട് ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ പുലി അകപ്പെട്ടത്. മുതുമല കടുവ സങ്കേതത്തിലെ തെപ്പാട് എത്തിച്ച പുലിക്ക് ചികിത്സ നല്‍കിവരികയാണ്.
അവശതമൂലം കാട്ടില്‍ ഇരതേടാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു പുലിയെന്ന് ബിദര്‍ക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രവി പറഞ്ഞു. രണ്ടാഴ്ചയായി നരികൊല്ലിയിലും സമീപങ്ങളിലും പുലി സാന്നിധ്യമുണ്ട്.
പകല്‍ കുറ്റിക്കാടുകളില്‍ പതുങ്ങുന്ന പുലി രാത്രി പുറത്തിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നു. ജനം ഭീതിയിലായ സാഹചര്യത്തിലാണ് കൂട് വച്ചത്. പുലി കുടുങ്ങിയത് നാട്ടുകാര്‍ക്ക് ആശ്വാസമായി.